നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ചോർത്തിയെന്ന് കോടതിയലക്ഷ്യ കേസിൽ ദിലീപ് വാദിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കസ്റ്റഡിയിലുണ്ടായിരുന്ന പാസ്പോർട്ട് തിരികെ വേണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അനുവദിച്ചു.
Also Read: ദിലീപിന്‍റെ പാസ്പോര്‍ട്ട് മടക്കി നല്‍കും; വിദേശയാത്രകൾക്ക് ഇനി തടസ്സമില്ല
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി പറഞ്ഞങ്കിലും ആരോപണ പ്രത്യാരോപണങ്ങൾ കോടതികളിൽ തുടരുകയാണ്. കോടതിയലക്ഷ്യ കേസുകളിൽ വാദം കേൾക്കവെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നുവരുന്നത്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലിൽ പോയിരുന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞെന്നാണ് കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന്റെ ആരോപണം. അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയിലെ വാദങ്ങൾ ചോർത്തി നൽകി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് അഭിമുഖം നൽകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ്.
ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. തുടർന്ന് കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാൻ മാറ്റി. നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ദിലീപിന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ പാസ്പോർട്ട് തിരികെ വേണമെന്ന ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചു.
തന്റെ പുതിയ ചിത്രം ഇന്ന് റിലീസായെന്നും, പ്രമോഷന്റെ ഭാഗമായി വിദേശത്തേക്ക് പോകേണ്ടിവരും എന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തമാക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്നും, അതിനാൽ പാസ്പോർട്ട് തിരികെ നൽകാൻ തടസങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.