പരോളിന് കോഴ വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസെടുത്ത് വിജിലൻസ്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ വാങ്ങിയെന്ന് കണ്ടെത്തൽ. എഡിജിപി കഴിഞ്ഞാൽ തൊട്ടടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡിഐജി വിനോദ് കുമാർ. കൈക്കൂലി വാങ്ങി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് എടുത്തത്.
നേരത്തെ വിജിലൻസിന് ഇത്തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നു. പതിവായി തടവുകാരിൽ നിന്ന് പണം വാങ്ങുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ലഹരി കേസുകളിൽ അടക്കം പ്രതികളാക്കപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാർക്ക് പെട്ടെന്ന് പരോൾ ഒപ്പിച്ചു കൊടുക്കാൻ വേണ്ടി ഇടപെടാം എന്ന് പറഞ്ഞാണ് കൈക്കൂലി വാങ്ങുന്നത്. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 1,80,000 രൂപ വാങ്ങിയതായി വിനോദ് കുമാറിന്‍റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ വ്യക്തമായി.
പരോളിന് പുറമെ ജയിലിൽ ഈ പ്രതികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന് വാദ്ജാനം ചെയ്തും പണം വാങ്ങാറുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇന്നലെ രാത്രി വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. പൂജപ്പുരയിലുള്ള വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല . കേസ് എടുത്ത പശ്ചാത്തലത്തിൽ വിനോദ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും.