സി.പി.എം ഏരിയ കമ്മറ്റിയംഗം ഒ.സദാശിവന്‍ കോഴിക്കോട് മേയറായേക്കും. സജീവ പരിഗണനയിലുണ്ടായിരുന്ന എസ്.ജയശ്രീയെ ഡപ്യൂട്ടി മേയറാക്കാനാണ് ധാരണ. നാളെ ചേരുന്ന സി.പി.എം ജില്ലാകമ്മറ്റി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം.
തടമ്പാട്ടുതാഴത്ത് നിന്ന് ജയിച്ചുകയറിയ ഒ സദാശിവനിലേയ്ക്കാണ് ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത്. വേങ്ങേരിയില്‍ നിന്നുള്ള ഏരീയ കമ്മറ്റി അംഗം കൂടിയാണ് സദാശിവന്‍. മേയര്‍ പദവി സ്ത്രീ സംവരണമല്ലാത്തതിനാല്‍ മുതിര്‍ന്ന പാര്‍ട്ടി അംഗത്തെ തന്നെ ചുമതല ഏല്‍പ്പിക്കണമെന്ന പൊതുവികാരം കണക്കിലെടുത്താണ് സിപിഎം ഒ സദാശിവനിലേയ്ക്ക് എത്തിയത്. ബേപ്പൂരില്‍ നിന്നുള്ള കെ. രാജീവനും അന്തിമ പട്ടികയിലുണ്ടായിരുന്നു. കോട്ടൂളിയില്‍ നിന്ന് ജയിച്ച നിലവിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എസ്. ജയശ്രിയെ മേയറാക്കാനായിരുന്നു ഇതുവരെ ആലോചിച്ചിരുന്നത്. സദാശിവന്‍ മേയറാകുന്നതോടെ ജയശ്രീയെ ഡപ്യൂട്ടി മേയറാക്കിയേക്കും. ഡപ്യൂട്ടി മേയറാക്കാന്‍ പരിഗണിച്ചിരുന്ന മുന്‍ ഡപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരിയ്ക്ക് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനാണ് ധാരണ. ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 35 യുഡിഎഫ് 28 എന്‍ഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.
ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ തന്നെ അജന്‍ഡകള്‍ പാസാക്കാന്‍ ഇത്തവണ എല്‍ഡിഎഫിന് നന്നായി പാടുപെടേണ്ടി വരും. തലപ്പത്തുള്ള മേയറാകട്ടെ വെള്ളം കുടിക്കുമെന്നുറപ്പ്. എന്നാല്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാണ് സിപിഎം നല്‍കുന്ന ഉപദേശം.