കണ്ണൂര്‍ പിണറായിയില്‍ സ്ഫോടനത്തിൽ യുവാവിന്‍റെ കൈപ്പത്തി അറ്റു. വെണ്ടുട്ടായി കനാല്‍കരയില്‍ നടന്ന സ്ഫോടനത്തില്‍ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
അതേസമയം പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ലെന്ന് പൊലീസ് വ്യക്തമാക്കി. വിജയാഘോഷത്തിത്തിനു ശേഷം ബാക്കിവന്ന പടക്കമാണെന്നാണ് കണ്ടെത്തല്‍. വിപിൻ രാജിന്‍റെ വീടിനു സമീപത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
പിണറായിയില്‍ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.