വിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും സമവായത്തിലെത്തി. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. സിസ തോമസിനെ വിസിയായി നിയമിക്കാൻ അനുവദിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി ഗവർണർക്ക് വഴങ്ങിയപ്പോള്‍ മുഖ്യമന്ത്രിക്ക് താൽപര്യമുള്ള ഡോ.സജി ഗോപിനാഥിനെ ഗവര്‍ണറും അംഗീകരിച്ചു.
ക്രിസ്മസ് വിരുന്നിനു ക്ഷണിക്കാൻ ലോക് ഭവനിൽ എത്തിയ മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിസി നിയമനത്തിൽ ധാരണയിലെത്തിയത്. നേരത്തെ മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിസി നിയമനത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചിരുന്നുവെങ്കിലും ഗവർണർ വഴങ്ങിയിരുന്നില്ല.