രാജ്യാന്തര ചലച്ചിത്ര മേളയില്‍ കേന്ദ്രം പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ പലസ്തീന്‍ സംഘര്‍ഷമടക്കം പ്രമേയമായി വരുന്ന 19 ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രേക്ഷപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാദം കനത്തതോടെ സ്പാനിഷ് ചിത്രം ബീഫ് ഉള്‍പ്പടെ നാലു സിനിമകള്‍ പ്രദര്‍ശിപ്പിക്കാം എന്നായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കൊല്‍ക്കത്ത ചലച്ചിത്ര മേളയിലും സമാന അനുഭവം ഉണ്ടായെങ്കിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന നിലപാട് മമത ബാനര്‍ജി സ്വീകരിക്കുകയായിരുന്നു.
പലസ്തീന്‍ 36, എ പോയറ്റ് അണ്‍കണ്‍സീല്‍ഡ് പോയട്രി, ഓള്‍ ദാറ്റ്സ് ലെഫ്റ്റ് ഫോര്‍ യു, ബമാക്കോ, ബാറ്റില്‍ഷിപ് പൊട്ടംകിന്‍, ബീഫ്, ക്ലാഷ്, ഈഗിള്‍സ് ഓഫ് ദ് റിപ്പബ്ലിക്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ഗാസ, റിവര്‍സ്റ്റോണ്‍, ടണല്‍സ്: സണ്‍ ഇന്‍ ദ് ഡാര്‍ക്ക്, യെസ്, ഫ്ലെയിംസ്, സന്തോഷ്, തിംബുക്തു, വാജിബ്, ഹാര്‍ട്ട് ഓഫ് ദ് വൂള്‍ഫ്, റെഡ് റെയ്ന്‍, ദി അവര്‍ ഓഫ് ദ് ഫര്‍ണസസ് എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കരുതെന്ന് മന്ത്രാലയം നിര്‍ദേശിച്ചത്. ഇന്ത്യയിലെ ജാതീയത, പൊലീസ് രാജ്, കമ്യൂണിസ്റ്റുകള്‍ക്കെതിരെ നടന്ന കൂട്ടക്കൊല, ലോകബാങ്ക് ഐഎംഎഫ് നയങ്ങളോടുള്ള വിമര്‍ശനം, മറ്റു രാജ്യങ്ങളിലെ അശാന്തമായ രാഷ്ട്രീയ പരിസരങ്ങള്‍ എന്നിവയാണ് ചിത്രങ്ങളുടെ പ്രമേയം. ഇതില്‍ പലസ്തീന്‍ 36 എന്ന ചിത്രമായിരുന്നു ഇത്തവണത്തെ മേളയുടെ ഉദ്ഘാടന ചിത്രം. ഇത് വീണ്ടും പ്രദര്‍ശിപ്പക്കരുതെന്ന നിര്‍ദേശവും മന്ത്രാലയം നല്‍കിയിരുന്നു. അതേസമയം വിലക്ക് പിന്‍വലിക്കണമെന്ന് താന്‍ മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടുവെന്ന് ശശി തരൂര്‍ എം.പി എക്സില്‍ കുറിച്ചു.