dileep-fabricated-evidence

ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ തെളിയിക്കാന്‍ അന്വേഷണ സംഘം സാക്ഷികളെ കെട്ടിച്ചമച്ചുവെന്നും ഗൂഢമായ ഇടപെടല്‍ നടത്തിയെന്നും വിചാരണ കോടതി. ജയിലിലെ ദിലീപ്- ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനുമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണസംഘം തന്ത്രപരമായി ഒഴിവാക്കിയെന്നും കോടതി വിധിയില്‍. ദിലീപിനെതിരായ നിര്‍ണായക തെളിവുകളെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ശബ്ദസാംപിളുകള്‍ക്കു വിശ്വാസ്യതയില്ലെന്ന് കാര്യകാരണങ്ങള്‍ സഹിതം വിധിയില്‍ വ്യക്തമാക്കുന്നു. 

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടായ സമാനതകളില്ലാത്ത കൃത്യവിലോപവും വീഴ്ചകളുമാണ് വിധിയില്‍ അക്കമിട്ട് നിരത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ബാലചന്ദ്രകുമാര്‍ എപ്പിസോഡിലെ സാക്ഷി ഫ്രാന്‍സിസ് സേവ്യര്‍. ബാലചന്ദ്രകുമാര്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതിന് സാക്ഷിയായിരുന്നു റിമാന്‍ഡ് തടവുകാരനായ ഫ്രാന്‍സിസ് സേവ്യര്‍. ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ ഫ്രാന്‍സിസ് സേവ്യറുമായി താന്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ അയച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ സിനിമയെ കുറിച്ചടക്കം ദിലീപ് സംസാരിച്ചിരുന്നതായി ഇയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാറിന്‍റെമൊഴിയിലുണ്ട് .എന്നാല്‍ കുറ്റപത്രത്തില്‍ ഈ ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഇതിന്‍റെ കാരണം തേടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ഫ്രാന്‍സിസ് സേവ്യര്‍ ബധിരനും മൂകനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും ബാലചന്ദ്രകുമാറും ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു.  ഫ്രാൻസിസ് സേവ്യർ ആ ദിവസം ജയിലിൽ ഉണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്താൻ ജയിൽ രേഖകൾ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടു. ഈ ഒഴിവാക്കല്‍ മനപൂര്‍വമെന്നും ഇത് കെട്ടിചമച്ച തെളിവെന്നും കോടതി വിലയിരുത്തി. 

ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടതടക്കം സ്ഥാപിക്കാന്‍ ബാലചന്ദ്രകുമാര്‍  ടാബില്‍ റെക്കോര്‍ഡ് ചെയ്ത വോയ്സ് ക്ലിപ്പുകളാണ് പ്രോസിക്യൂഷന്‍ തെളിവായി സമര്‍പ്പിച്ചത്. വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയിൽ കാര്യമായ വൈരുദ്ധ്യങ്ങൾ കോടതി നിരീക്ഷിച്ചു. 2017 നവംബർ 15-ന് റെക്കോർഡ് ചെയ്തു എന്ന് പറയുന്ന ശബ്ദരേഖകള്‍  പെൻഡ്രൈവില്‍ പരിശോധിച്ചപ്പോള്‍  2022 ജനുവരി2ന് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ദിലീപിന്‍റെ സുഹൃത്ത് ബൈജു സംസാരിക്കുന്നത് കേട്ടാണ് താന്‍ റെക്കോര്‍ഡിങ് ആരംഭിച്ചതെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയെങ്കിലും ക്ലിപ്പില്‍ ബൈജുവിന്‍റെയോ ബാലചന്ദ്രകുമാറിന്‍റെയോ ശബ്ദമില്ല. 

ദൃശ്യങ്ങൾ കണ്ട ടാബിലെ ശബ്ദവും പതിഞ്ഞില്ല. ഇതിന് കൂടാതെ പങ്കുവെച്ച ഓഡിയോ ക്ലിപ്പുകളുടെ എണ്ണത്തിലും അന്തരം കണ്ടെത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ക്ലിപ്പുകള്‍ പതിനെട്ടെങ്കില്‍ മഹസറില്‍ 24 ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത് 29 ക്ലിപ്പുകള്‍. ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത ഉപകരണം കോടതിയില്‍ ഹാജരാക്കിയില്ല. മാത്രമല്ല ആറ് ഉപകരണങ്ങളിലൂടെ ശബ്ദക്ലിപ്പുകള്‍ കൈമാറിയെങ്കിലും ഇതും കോടതിയില്‍ എത്തിയില്ല. ഓഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് 2021 നവംബറില്‍ തന്‍റെ കയ്യിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയെങ്കിലും ഉപകരണം ഹാജരാക്കിയത് 2022 ജനുവരി മൂന്നിന് മാത്രം. ഇലക്ട്രോണിക് തെളിവുകൾക്ക് ആവശ്യമായ  സർട്ടിഫിക്കറ്റിലും കോടതി ഗുരുതരമായ പിഴവുകൾ കണ്ടെത്തി. ചുരുക്കത്തിൽ, വോയിസ് ക്ലിപ്പുകൾ കൈകാര്യം ചെയ്ത രീതി, ഉപയോഗിച്ച ഉപകരണങ്ങളുടെ അവ്യക്തത, സർട്ടിഫിക്കറ്റിലെ വൈരുദ്ധ്യങ്ങൾ, ഒറിജിനൽ ഫയലുകൾ ഹാജരാക്കാത്തത് എന്നിവ പ്രോസിക്യൂഷൻ കേസിന് തിരിച്ചടിയാകുന്ന ഘടകങ്ങളായി കോടതി നിരീക്ഷിക്കുന്നു.

ENGLISH SUMMARY:

The trial court's verdict in the actress assault case has severely criticized the investigation team, accusing them of attempting to 'fabricate' witnesses and demonstrating 'unparalleled negligence.' Key discrepancies noted include the deliberate exclusion of a 'witness' (Francis Xavier) to the alleged jail meeting between Dileep and Balachandrakumar, as the witness was found to be deaf and mute, despite Balachandrakumar claiming to have spoken to him. Furthermore, the court found the crucial voice clip evidence, presented by the prosecution, unreliable due to major scientific inconsistencies: the metadata showed clips supposedly recorded in 2017 were created in 2022, the number of clips varied across documents (18, 24, 29), and the original recording device and certified copies of electronic evidence were not produced, undermining the prosecution's case.