ശബരിമല സ്വര്‍ണ്ണക്കൊളള പുരാവസ്തു തട്ടിപ്പെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ച് അന്വേഷണം. പ്രത്യേക അന്വേഷണ സംഘം രമേശിന് വിവരം നല്‍കിയ വ്യവസായിയുടെ മൊഴിയെടുക്കും. സ്വര്‍ണ്ണക്കൊളളയില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും വിജിലന്‍സ് കോടതി എസ്.ഐ.ടിയുടെ കസ്റ്റഡിയില്‍ വിട്ടു.
ശബരിമല സ്വര്‍ണ്ണക്കൊളള രാജ്യാന്തര മാര്‍ക്കറ്റില്‍ 500 കോടിയുടെ പുരാവസ്തു തട്ടിപ്പാണെന്നാണ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ തനിക്ക് വിവരം നല്കിയ വ്യവസായിയേക്കുറിച്ചും ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ഈ വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നോട്ടീസ് നല്‍കി ഇദ്ദേഹത്തിന്‍റെ മൊഴിയെടുക്കും. സ്വര്‍ണ്ണക്കൊളളയിലെ തൊണ്ടിമുതല്‍ എവിടെയെന്ന് ചെന്നിത്തല ചോദിച്ചു. കൊളളയില്‍ പങ്കുളള മുന്‍മന്ത്രിമാര്‍ക്ക് സിപിഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഇതിനിടെ കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും വിജിലന്‍സ് കോടതി രണ്ട് ദിവസത്തേയ്ക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു. മുന്‍ എക്സിക്യൂട്ടീവ് ഒാഫീസര്‍ സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തളളി.