നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുമായി അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ. വെളിപ്പെടുത്താന്‍ വൈകിയതെന്തെന്ന് പലരും ചോദിച്ചെന്നും എന്നാല്‍ അതിന് കാരണം താനാണെന്നും ഷീബ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ വേദിയിൽ നടന്ന ' അവൾക്കൊപ്പം ' പരിപാടിയിലാണ് ഷീബയുടെ പ്രതികരണം. 

'മൂന്നാമത്തെ ട്രയൽ കഴിഞ്ഞ് പുറത്തിറങ്ങിയ ബാലചന്ദ്രകുമാർ തന്നെ വിളിച്ച് നടിക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് പറഞ്ഞു. അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചത്. കോടതിയിൽനിന്ന് ആ കുട്ടിക്ക് നീതി ലഭിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രതിയെന്ന് പറയുന്ന വ്യക്തിക്കൊപ്പം ഏഴു വർഷത്തോളം ബാലു ഉണ്ടായിരുന്നതിനാൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. വിധി വന്ന സമയത്ത് അദ്ദേഹം ഇല്ലാത്തത് നല്ലതായെന്ന് തോന്നുന്നു.  ജീവൻ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടുതന്നെയാണ് അദ്ദേഹം ഈ കേസുമായി മുന്നോട്ടുപോയത്. എന്തുകൊണ്ട് ഇത്രയും കാലത്തിനു ശേഷം വെളിപ്പെടുത്തി എന്ന് പലരും ചോദിച്ചു. അതിന് കാരണം ഞാനാണ്. ഞാനാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കാല് പിടിച്ച് കരഞ്ഞ് വൈകിപ്പിച്ചതാണ്. എന്നാൽ അത് പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു,' ഷീബ പറഞ്ഞു.

കേസിലെ കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. ഈ മൊഴികൾ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷത്തിലാണു ദിലീപിന്‍റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ 13–ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്താരം പുനരാരംഭിച്ചത്.

ENGLISH SUMMARY:

Actress Assault Case: Sheeba Balachandrakumar reveals the reasons for the delay in her late husband's revelations. She expressed solidarity with the survivor at IFFK's 'Avalkoppam' event and shared insights into Balachandrakumar's concerns about justice in the case.