suni-martin-actress-case

വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടിയുടെ സഹോദരന്‍. പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചതിന് പിന്നാലെയാണ് സഹോദരന്‍റെ പ്രതികരണം. 'അവർ ചെയ്തത് എന്താണെന്ന് അവരറിയുന്നില്ല. ഇത്രയും കാലം എന്താണോ അവർ ഒളിച്ചുവെയ്ക്കാൻ ശ്രമിച്ചത് അതിലേക്ക് തന്നെയാണ് അറിയാതെയാണെങ്കിലും കഴിഞ്ഞ രണ്ട് വിധികളിലൂടെ അവർ വെളിച്ചം വീശിയത്. ഞങ്ങളുടെ  നമ്മളുടെ യാത്ര ഇവിടെ തുടങ്ങുന്നതേയുള്ളൂ ...,'  കുറിപ്പില്‍ പറയുന്നു.  

പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷയായിരുന്നു വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്നും സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായിരിക്കണം എന്നാണ് ജഡ്ജി ഹണി എം.വര്‍ഗീസ് പറഞ്ഞത്. കുറ്റകൃത്യത്തിന്‍റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ, പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്നും വിധിയില്‍ പറയുന്നു. കൂട്ടബലാല്‍സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി കണക്കിലെടുത്തില്ല. 

വിധിയ്ക്കു ശേഷം നിരാശാജനകമായ പ്രതികരണമാണ് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി നടത്തിയത്. എട്ടാം പ്രതിയായ ദീലീപിനെ വെറുതെ വിട്ടപ്പോള്‍ത്തന്നെ പ്രതീക്ഷ അവസാനിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ഇതാണോ ജുഡീഷ്യറി എന്നും മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ മിനി ചോദിച്ചു.