തന്‍റെ സഹപ്രവര്‍ത്തക നേരിടേണ്ടിവന്ന കൊടുംക്രൂര കുറ്റകൃത്യം ഒരാള്‍ക്കും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നതാണ് ആഗ്രഹമെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പഴ്സണ്‍  കുക്കുപരമേശ്വരന്‍ മനോരമ ന്യൂസിനോട്. ആറുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ എന്തുസംഭവിച്ചുവെന്നോ പൊലീസ് അന്വേഷണം എങ്ങനെയായിരുന്നുവെന്നോ മാധ്യമങ്ങളില്‍ നിന്നുള്ള അറിവുമാത്രമേയുള്ളൂവെന്നും കുക്കു പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും അതിന്‍റെ ഫലത്തിനായി കാത്തിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ ദിലീപടക്കം നാലുപേരെ കോടതി വെറുതേ വിട്ടിരുന്നു. പൾസർ സുനി, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം, പ്രദീപ് എന്നിവര്‍ക്കുള്ള ശിക്ഷാവിധിയാണ് പുറത്തുവരിക. കുറഞ്ഞത് 20 വര്‍ഷവും പരമാവധി ജീവപര്യന്തവും വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 

ENGLISH SUMMARY:

Kuku Parameswaran, Vice-Chairperson of the Kerala Chalachitra Academy, stated to Manorama News that the heinous crime suffered by her colleague should never happen to anyone, and she hopes the perpetrators receive the maximum possible punishment. Her statement came ahead of the sentencing of the six convicts (Pulsar Suni, Martin Antony, Manikandan, Vijeesh, Vadival Salim, and Pradeep) in the actress assault case. The convicts face charges, including gang rape, that carry a minimum of 20 years to a maximum of life imprisonment. Kuku Parameswaran added that she believes in the judicial system and awaits the outcome, noting that her knowledge of the case proceedings is limited to media reports.