നടി ആക്രമണക്കേസിലെ വിധിപ്പകര്‍പ്പ് പുറത്ത്. 1709 പേജുകളുള്ള പകര്‍പ്പ് മനോരമ ന്യൂസിന്. വിചാരണക്കോടതിക്കെതിരെ ആരോപണം ഉയര്‍ന്നെന്നും ദിലീപ് ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചെന്നും വിധിപകര്‍പ്പില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ദിലീപ് ആരോപണമുയര്‍ത്തി. ഇക്കാര്യങ്ങള്‍ കോടതി മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു. നീതി നടക്കട്ടേ,ആകാശം ഇടിഞ്ഞുവീണാലും’ എന്ന് വിധിന്യായത്തില്‍ എഴുതിയിരിക്കുന്നു.
Also Read: 'അതിജീവിതയ്ക്ക് ഹൈക്കോടതിയിൽ ചെല്ലാം, സൂര്യനെല്ലി കേസിലുള്‍പ്പടെ മേൽ കോടതിയിൽ വിധി മാറിയിട്ടുണ്ട്'
മോതിരത്തിന്റ ദൃശ്യം പകര്‍ത്തിയെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി . വാദം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്ക് ദിലീപ് പണം നല്‍കിയതിന് തെളിവില്ല. ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ വിളിച്ചതിന് തെളിവില്ല.
ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നീക്കം ചെയ്തെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാഞ്ഞതെന്തെന്ന് കോടതി ചോദിച്ചു. ബി.സന്ധ്യ ഗൂഢാലോചന നടത്തിയെന്നും കോടതിയില്‍ ദിലീപ് ആരോപിച്ചു. ശ്രീകുമാര്‍ മേനോനെതിരായ ആരോപണങ്ങള്‍ എസ്ഐടി അന്വേഷിച്ചില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
കേസിന്റെ സെന്‍സേഷന്‍ കോടതിയെ ബാധിക്കില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. സ്ത്രീയുടെ അന്തസ് സംരക്ഷിക്കപ്പെടണമെന്നത് പരിഗണിച്ചു. കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്തെന്നും കോടതി. ശിക്ഷ വിധിക്കുമ്പോൾ കോടതിക്ക് വികാരങ്ങൾക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരിൽ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തെന്ന് കോടതി നിരീക്ഷിച്ചു. എങ്കില്‍ തന്നെയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ല എന്നാണ് കോടതി വിലയിരുത്തിയത്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്
അപ്പീല്‍ കാലാവധി കഴിയും വരെ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി
കേസില്‍ ആറുപേരുടെ ശിക്ഷവിധിച്ച ദിവസമായിരുന്നു ഇന്ന്. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടും, ആറുപ്രതികള്‍ക്കും പരമാവധി ശിക്ഷയില്ല. 20 വര്‍ഷം തടവാണ് കോടതി വിധിച്ചത്. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ചാണ് നിയമം അനുശാസിക്കുന്ന ഏറ്റവും ചെറിയ ശിക്ഷ വിധിച്ചത്. മാത്രമല്ല, എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ദൃശ്യങ്ങള്‍ സൂക്ഷിച്ചതിന്, പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം മൂന്നുവര്‍ഷം തടവും വിധിച്ചു. കൂടാതെ, മൂന്നേകാല്‍ ലക്ഷം രൂപ പിഴയും സുനിക്ക് ശിക്ഷവിധിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ ആന്റണിക്ക് ഒന്നരലക്ഷം രൂപയും മറ്റ് നാല് പ്രതികള്‍ക്കും ഒന്നേകാല്‍ ലക്ഷം വീതവും പിഴ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. സ്വര്‍ണമോതിരം അതിജീവിതയ്ക്ക് തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികള്‍ ജയിലില്‍ കിടന്ന കാലയളവ് കുറയ്ക്കുമെന്നിരിക്കെ ഒന്നാംപ്രതി പള്‍സര്‍ സുനി ഏതാണ്ട് 13വര്‍ഷം ഇനി തടവുശിക്ഷ അനുഭവിച്ചാല്‍ മതി. മാര്‍ട്ടിന്‍ 13വര്‍ഷവും മണികണ്ഠന്‍ 16വര്‍ഷവും ജയിലില്‍ കിടക്കണം. വിജീഷ് 16വര്‍ഷവും വടിവാള്‍ സലീമും പ്രദീപും 18വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം
എട്ടാം പ്രതിയെ വെറുതെ വിട്ടപ്പോഴേ പ്രതീക്ഷ അവസാനിച്ചെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി മനോരമ ന്യൂസിനോട് പ്രതികരിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. എന്നാല്‍ അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ലെന്നും, ഇതാണോ ജുഡീഷ്യറിയെന്നും ടി.ബി.മിനി പ്രതികരിച്ചു
കുറഞ്ഞശിക്ഷ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.അജകുമാര്‍. ശിക്ഷയില്‍ നിരാശയുണ്ടെന്നും പ്രോസിക്യൂഷന്‍. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നീതി മേല്‍ക്കോടതിയില്‍ നിന്ന് ലഭിക്കുമെന്നും അജകുമാര്‍ പറഞ്ഞു.