സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന നടി റിനി ആന്‍ ജോര്‍ജ്. രാഹുലിന്‍റെ പേര് എടുത്തുപറയാതെയാണ് റിനിയുടെ പോസ്റ്റ്. രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചും റിനി പരാമര്‍ശിക്കുന്നുണ്ട്. അതിജീവിതകൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരില്‍ കൊല്ലാനാണ് തീരുമാനം എങ്കിൽ മരിക്കാനും മടിയില്ല എന്നതാണ് റിനിയുടെ നിലപാട്.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്‍റെ വസ്ത്രധാരത്തെയും ചിരിയെയും പോലും അപഹസിച്ചു. താൻ മോശം സ്ത്രീ ആണെന്ന തരത്തിൽ പ്രചരിപ്പിക്കുകയും പണം വാങ്ങി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുകയും ചെയ്തു. അവസരങ്ങൾ ഇല്ലാതാക്കാൻ പല രീതിയിൽ ഉള്ള ഇടപെടലുകൾ ഉണ്ടായി. എന്നാല്‍ ഇതുകൊണ്ടൊന്നും തളരില്ലെന്ന് കണ്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ ഭയപ്പെടില്ല. ഓരോ വ്യക്തികൾക്കും അവരവരുടെ തെറ്റുകൾക്ക് കർമഫലം ഉണ്ടാകുന്നതിന് എന്നെ പഴിച്ചിട്ടു കാര്യമില്ല. ആരും തകരണം എന്ന് ആഗ്രഹിക്കുന്നില്ല അവർ തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്നത്തേയും നിലപാട് എന്നാണ് റിനി തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു യുവ നേതാവ് എനിക്ക് അശ്ലീല സന്ദേശം അയക്കുകയും ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെടുകയും ഞാൻ അത് നിരസിച്ചപ്പോൾ എന്നെ അപമാനിക്കുന്ന തരത്തിൽ മോശം പദപ്രയോഗങ്ങൾ നടത്തുകയും ഉണ്ടായി... ഇത് ഞാൻ ബന്ധപ്പെട്ട നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു എന്നാൽ അവിടെ നിന്ന് എനിക്ക് അവഗണന മാത്രമാണ് ലഭിച്ചത്... അത് എന്നെ ഒരുതരം ട്രോമയിൽ കൊണ്ടെത്തിച്ചു... ഈ വേദന എന്നെ അലട്ടി കൊണ്ടേയിരുന്നു ഒടുവിൽ എന്റെ ഒരു വ്യക്തിപരമായ അഭിമുഖത്തിൽ ഈ വിഷമത്തെ കുറിച്ച് അറിയാതെ സൂചിപ്പിച്ചു... എന്നാൽ പോലും ആരുടെയും പേര് എടുത്തു പരാമർശിക്കുകയോ ഒരു പാർട്ടിയെ മോശമാക്കി പറയുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല...എന്നാൽ പിന്നീട് അത് വൻ വിവാദമായി മാറുകയായിരുന്നു... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായി അത് പരിണമിച്ചു... ഏതോ ഓഡിയോ പുറത്തു വന്നതിന്റെ ഭാഗമായി ഒരു നേതാവിന് എതിരെ നടപടി എടുത്തു...
അതിനെ തുടർന്ന് എന്നെ അനാവശ്യമായി ഇതിൽ വലിച്ചിടുകയും സോഷ്യൽ മീഡിയയിൽ ഇത് എന്റെ ഓഡിയോ ആണെന്ന തരത്തിൽ വൻ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു... എന്റെ വസ്ത്രധാരണത്തെയും എന്തിന് എന്റെ ചിരിയെ പോലും അവർ അപഹസിച്ചു.... ഞാൻ മോശം സ്ത്രീ ആണെന്ന തരത്തിൽ പ്രചരിപ്പിച്ചു... പണം വാങ്ങി ഗൂഢാലോചന നടത്തി എന്നത് മുതൽ ഒരു സ്ത്രീയെ എങ്ങനെ എല്ലാം അപമാനിക്കാം അതെല്ലാം അവർ ചെയ്തു...എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ പല രീതിയിൽ ഉള്ള ഇടപെടലുകൾ ഉണ്ടായി... എന്നാൽ ഇതുകൊണ്ടൊന്നും ഞാൻ തളരുന്നില്ല എന്ന് കണ്ടപ്പോൾ എന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി വായ അടപ്പിക്കാം എന്ന് കരുതുന്നവരോട് ഞാൻ ഒരു സ്ത്രീ എന്ന നിലയിൽ ഇനിയും അതിജീവിതകൾക്ക് വേണ്ടി സംസാരിക്കും... അവർ എന്റെ സഹോദരിമാരാണ്... അതിന്റെ പേരിൽ കൊല്ലാൻ ആണ് തീരുമാനം എങ്കിൽ മരിക്കാനും എനിക്ക് മടിയില്ല... അങ്ങനെ ഒന്നും എന്നെ ഭയപെടുത്താം എന്ന് കരുതണ്ട... ഓരോ വ്യക്തികൾക്കും അവരവരുടെ തെറ്റുകൾക്ക് കർമഫലം ഉണ്ടാകുന്നതിന് എന്നെ പഴിച്ചിട്ടു കാര്യമില്ല... ആരും തകരണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല അവർ തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്നത്തേയും എന്റെ നിലപാട്...