pinarayi-vijayan-03

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ നടന്‍ ദിലീപിന്‍റെ ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഗൂഢാലോചന ആരോപണം അദ്ദേഹത്തിന്‍റെ തോന്നലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയ്ക്ക് തുടർന്നും പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സമൂഹം അതിജീവിതയ്ക്ക് ഒപ്പമാണ്. അടൂര്‍ പ്രകാശിന്‍റേത് രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാന്‍ ഒരു സംഘം  പൊലീസ് ഉദ്യോഗസ്ഥര്‍  ഗൂഢാലോചന നടത്തിയെന്നും അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണ് .  ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി.   ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചശേഷം തുടർനടപടികളെന്നും ദിലീപ് പറഞ്ഞു.

അതേസമയം, ദിലീപിനെ അനുകൂലിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ പ്രതികരണം.  ദിലീപുമായി അടുത്ത ബന്ധമാണുള്ളത്.  വ്യക്തിപരമായി സന്തോഷമെന്നും അടൂര്‍ പ്രകാശ്. അറസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതായും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ പറഞ്ഞു. അടൂര്‍ പ്രകാശിനെ തിരുത്തി  കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫ് രംഗത്തെത്തി. വിധി സര്‍ക്കാരിന്‍റെ പരാജയമാണെന്നും അപ്പീല്‍ പോകണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.  പ്രസ്താവന വിവാദമായതോടെ നിലപാടില്‍ മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതികിട്ടാന്‍ വേണ്ടത് ചെയ്യണം. പ്രോസിക്യൂഷന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ദിലീപിനെ സിനിമാ സംഘടനകളിലേക്ക്  തിരിച്ചെടുക്കണമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ ആവശ്യപ്പെട്ടു. ദിലീപ് കുറ്റവാളിയല്ലെന്നാണ് കോടതി പറഞ്ഞത്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിനുണ്ടായാല്‍ എന്താണ് തെറ്റെന്നും രഞ്ജി പണിക്കര്‍.  കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും രഞ്ജി പണിക്കര്‍. 

നടിക്കെതിരായ ആക്രമണത്തിലെ കോടതി വിധി മാനിക്കുന്നതായി നടന്‍ ആസിഫ് അലി. ആരോപിതനായിരുന്ന സമയത്ത് ദിലീപിനെ പുറത്താക്കിയിരുന്നു. ഇപ്പോള്‍ കുറ്റവിമുക്തനായതിനാല്‍ തിരിച്ചെടുക്കാമെന്നും നടന്‍ ആസിഫ് അലി ഇടുക്കിയില്‍ പറഞ്ഞു.

കോടതി വിധി മാനിക്കുന്നതായും നീതി ലഭിച്ചോയെന്ന് പറയേണ്ടത് ബന്ധപ്പെട്ടവരെന്നും നിര്‍മാതാവ് സാന്ദ്ര  തോമസ് പ്രതികരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. അതിജീവിതയ്ക്ക് നീതി ലഭിക്കട്ടെയെന്നും സാന്ദ്ര തോമസ് കൊച്ചിയില്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan dismissed actor Dileep’s allegation of a police conspiracy in the actress assault case, stating that the investigation was fully evidence-based. The Chief Minister reaffirmed support for the survivor and criticized the claims as personal assumptions. Meanwhile, Dileep said he would proceed with legal action after receiving the official order, alleging that officers misled the government and framed him.