പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബലാല്‍ഗം ചെയ്തതായി പരാതി നല്‍കിയ അതിജീവിതയാണ് ഇന്ന് ഐജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്. നടുക്കുന്ന മൊഴിയാണ് അതിജീവിതയുടേത്. വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ താനുമായി ബന്ധം സ്ഥാപിച്ചതെന്ന് അതിജീവിത പറയുന്നു. പിന്നാലെ സ്വകാര്യമായി സംസാരിക്കനെന്ന വ്യാജേനെ റിസോര്‍ട്ടിലേക്ക് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് മൊഴി.
'ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ട് ‘എനിക്ക് നിന്നെ ബലാല്‍സംഗം ചെയ്യണം’ എന്ന് പറഞ്ഞായിരുന്നു ആക്രമണം'. ഇതിനിടെ യുവതിക്ക് പാനിക്ക് അറ്റാക്കും ശ്വാസംമുട്ടലും അനുഭവപ്പെട്ടെങ്കിലും രാഹുല്‍ പീഡനം തുടരുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്ന് രാഹുല്‍ അറിയിക്കുകയായിരുന്നു. മാനസികമായി തളര്‍ന്ന അതിജീവിതയെ പിന്നീട് വിളിച്ച് ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയും വീടിന് മുന്നില്‍ വാഹനവുമായി എത്തി കൂടെ ചെല്ലാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്.
വീണ്ടും അടുക്കാന്‍ തയാറാകാതിരുന്ന തന്നോട് ഒരു കുഞ്ഞിനെ വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ടുപോകാന്‍ പേടിയാണെന്നും അതിജീവിത പൊലീസിനെ അറിയിച്ചു. കേരളത്തിന് പുറത്ത് കഴിയുന്ന അതിജീവിതയുടെ മൊഴി അവിടെ എത്തിയാണ് ഐജി പൂങ്കുഴലി രേഖപ്പെടുത്തിയത്.
കെപിസിസി അധ്യക്ഷന് അയച്ച പരാതിയുടെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും മാധ്യമങ്ങള്‍ക്കും യുവതി നേരത്തെ കൈമാറിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് താന്‍ പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ലെന്നും ഇനി മറ്റൊരാള്‍ക്കും ഇതേ അവസ്ഥയുണ്ടാകരുതെന്ന് ഉള്ളത് കൊണ്ടാണ് താന്‍ പരാതിപ്പെട്ടതെന്നും അവര്‍ ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് രാഹുലിനെതിരെ പരാതിപ്പെട്ട യുവതി സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന സൈബര്‍ ആക്രമണം തന്നെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ചിന് വിവരങ്ങള്‍ നേരത്തെ തന്നെ കൈമാറിയ യുവതി തുടക്കത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തയാറായിരുന്നില്ല. സ്വകാര്യത മാനിക്കപ്പെടുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പരാതി നല്‍കിയത്.