ദിലീപ്, ജഡ്ജി ഹണി എം.വര്‍ഗീസ്
നടന്‍ ദിലീപ് എട്ടാംപ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം.വര്‍ഗീസാണ് വിധി പറയുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.
നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. രാവിലെ 11 മണി മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ആക്രമിച്ച ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്റെ വാദം. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. Also Read: 'എന്‍റെ കൂടെ ഏറ്റവുമധികം സിനിമ ചെയ്ത കുട്ടിയാണ്; ഷോക്കിങ്'! അന്ന് ദിലീപ് പറഞ്ഞത്
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്‍റണി, ബി. മണികണ്ഠന്‍, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്‍റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ൽ ആരംഭിച്ച വിചാരണ നടപടികൾ കഴിഞ്ഞമാസം 25നാണ് പൂർത്തിയായത്.
2020 ജനുവരി 6നാണ് ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള 10 പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തുന്നത്. കൃത്യം നടന്ന് ഏകദേശം മൂന്നുവർഷം പിന്നിടുമ്പോൾ ജനുവരി 30 ന് സാക്ഷി വിസ്താരം ആരംഭിച്ചു. അടച്ചിട്ട കോടതിമുറിയിൽ ആയിരുന്നു വിചാരണ നടപടികൾ. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിന് മാത്രം 438 ദിവസമെടുത്തു. ചലച്ചിത്ര താരങ്ങളായ ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ തുടങ്ങി 28 സാക്ഷികൾ വിചാരണക്കിടെ മൊഴിമാറ്റി.
11 മാസത്തെ ഇടവേളയ്‌ക്കുശേഷം 2022 നവംബറിൽ വിചാരണ പുനരാരംഭിച്ചു. ഇതിനിടെ വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. അതിജീവിതയുടെ അപേക്ഷ പരിഗണിച്ച് അഡ്വ.വി. അജകുമാറാണ് മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്.
സാക്ഷിവിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതിയുടെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പല തവണ കാലാവധി നീട്ടി നൽകി. ക്രോസ് വിസ്താരത്തിന് ഏറ്റവും സമയം എടുത്തത് ദിലീപിന്‍റെ അഭിഭാഷകരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളമാണ് വിസ്തരിച്ചത്. ഇതിൽ 87 ദിവസവും എടുത്തത് ദിലീപിന്‍റെ അഭിഭാഷകനാണ്.
കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറുമാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കിയാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. കേസിലെ പ്രതികള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്‍റെ പരാതി തന്നെ അന്വേഷണത്തിന്‍റെ ഗതിമാറ്റി. ദിലീപിന്‍റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന കത്ത് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനെ കൊണ്ട് എഴുതിച്ചിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്‍റെ ഫോണ്‍. ഇതോടെ ദിലീപിന്‍റെ പരാതി ഡിജിപിക്ക് മുന്നിലെത്തി. പരാതിയെത്തി രണ്ടു മാസത്തിന് ശേഷം ജൂണ്‍ 28 നാണ് ദിലീപും സുഹൃത്തായ നാദിര്‍ഷവും ചോദ്യമുനയിലായത്. ജൂലൈ 10 തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് 2022 ജനുവരി ആദ്യം. ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വിചാരണ നിര്‍ത്തിവെച്ച് കേസില്‍ തുടരന്വേഷണം നടത്തി.
തുടരന്വേഷണം പൂർത്തിയായപ്പോള്‍ അന്വേഷണസംഘം കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേർത്തു.