നടി ആക്രമക്കണക്കേസില്‍ മഞ്ജു വാരിയര്‍ക്കെതിരെയും പൊലീസിനെതിരെയും കടുത്ത ആരോപണവുമായി ദിലീപ്. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴാണ് ദിലീപ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. ക്രിമിനല്‍ പൊലീസ് സംഘത്തെ കൂട്ടുപിടിച്ച് അന്നത്തെ ഒരുദ്യോഗസ്ഥ തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും തന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. ജയിലിലുള്ള പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനെഞ്ഞുവെന്നും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ജീവിതം നശിപ്പിക്കാനും ശ്രമുണ്ടായെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. Also Read: ദിലീപിനെ വെറുതേവിട്ടു; വിധി ഇങ്ങനെ...
ദിലീപിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞതില്‍ നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഒരുയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായിട്ട് ഈ കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് അയാളുടെ ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് ഈ പൊലീസ് സംഘം ഒരു കള്ളക്കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് ഈ പൊലീസ് സംഘം ചില മാധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് തകരുകയാണ് ചെയ്തത്. ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാന്‍ നടന്നതാണ്. സമൂഹത്തില്‍ എന്‍റെ കരിയര്‍, എന്‍റെ ഇമേജ്, എന്‍റെ ജീവിതം നശിപ്പിക്കാനായിട്ട് ശ്രമിച്ചു'.
കൂടെ നിന്നവരോടും കുടുംബാംഗങ്ങളോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ ദിലീപ് കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാത്ത കോടിക്കണക്കിന് പേരുടെ പ്രാര്‍ഥന തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് കോടതി എട്ടാംപ്രതിയായ ദിലീപിനെ വെറുതേ വിട്ടത്. അതേസമയം ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നും കോടതി വിധിച്ചു. അന്തിമ വിധി വരും വരെ അതിജീവിതയ്ക്കൊപ്പം നില്‍ക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും അന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി. സന്ധ്യ പ്രതികരിച്ചു.