നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിധി നിരാശാജനകമാണെന്ന് കെ.കെ.രമ എംഎൽഎ. അതിജീവിതയ്ക്ക് നീതി വാങ്ങിച്ചു നൽകാൻ സർക്കാരിന് സാധിച്ചില്ലെന്ന ചൂണ്ടിക്കാട്ടിയ കെ.കെ.രമ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് കനത്ത വീഴ്ചയുണ്ടായെന്ന് കുറ്റപ്പെടുത്തി. കേരളത്തിന്‍റെ സാമൂഹ്യബോധം അതിജീവിതയ്ക്കൊപ്പമാണെന്നും കെകെ.രമ വ്യക്തമാക്കി.
ഭരണകൂടത്തിന്‍റെ കൃത്യമായ വീഴ്ചയാണ് ഈ കേസില്‍ കാണാൻ സാധിക്കുന്നത്. ബഹുമാനപ്പെട്ട കോടതി പറഞ്ഞ വിധിയില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പക്ഷേ, കോടതി കണ്ടെത്തേണ്ട കാര്യം ഈ ആറുപേർ എന്തിനു വേണ്ടിയാണ് ഈ കുറ്റം ചെയ്തതതെന്നാണ്.
ഈ കുറ്റത്തിന്‍റെ പിന്നിലുള്ള ഗൂഢാലോചന എന്ത്? ആരാണ് ഇവരെ പറഞ്ഞയച്ചത്? അത് കണ്ടുപിടിക്കേണ്ടേ എന്നും കെ.കെ.രമ ചോദിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്‍റെ നാൾവഴികൾ പിന്തുടർന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകിൽ കാണാമറയത്തെ ഉന്നത ഒത്തുതീർപ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.കെ.രമ എംഎല്‍എ ചൂണ്ടിക്കാട്ടി.