നടിയെ ആക്രമിച്ച കേസിലെ വഴിത്തിരിവായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. കേസിന്റെ വിചാരണ പുരോഗമിക്കുമ്പോൾ പുറത്തുവന്ന ഈ തെളിവുകളാണ് തുടരന്വേഷണത്തിലേക്ക് വഴിവെച്ചത്.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പുരോഗമിക്കുന്ന വേളയിലാണ് 2021 അവസാനത്തോടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് തന്‍റെ ആലുവയിലെ 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. ഒരു വി.ഐ.പി ആണ് ഈ ദൃശ്യങ്ങൾ വീട്ടിലെത്തിച്ചതെന്നും, ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ അത് കാണുന്നത് താൻ നേരിട്ട് കണ്ടുവെന്നും അദ്ദേഹം മൊഴി നൽകി. കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി ബൈജു പൗലോസ് ഉൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന് നേരത്തെ പരിചയമുണ്ടെന്നും, സുനി ദിലീപിന്‍റെ വീട്ടിൽ വരുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വാദങ്ങളെല്ലാം സാധൂകരിക്കുന്നതിനായി ദിലീപ് സംസാരിക്കുന്നതടക്കമുള്ള നിർണായകമായ ഓഡിയോ റെക്കോർഡിങുകളും അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി.
ബാലചന്ദ്രകുമാറിന്‍റെഈ വെളിപ്പെടുത്തലുകളെ തുടർന്നാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണത്തിനൊടുവിൽ ദിലീപിനും സുഹൃത്ത് ശരത്തിനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്തി. കേസിലെ പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു. വൃക്ക - ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 13നാണ് ബാലചന്ദ്രകുമാർ അന്തരിച്ചത്.