വിളിക്കാത്ത സ്ഥലത്ത് വന്നിരുന്നാല്‍ ‘കടക്ക് പുറത്ത് ’ എന്നു പറയുമെന്നും വിളിച്ച സ്ഥലത്ത് മാത്രമേ വന്നിരിക്കാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരിരുന്നു അദ്ദേഹം. 2017 ൽ മാധ്യമ പ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’ എന്ന തരത്തില്‍ യുഡിഎഫ് പ്രചാരണം തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘കടക്ക് പുറത്ത് എന്ന് പറഞ്ഞത് വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ്. വിളിച്ച ഇടത്തേ എവിടെയാണെങ്കിലും പോകാവൂ. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല.വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. നിങ്ങള്‍ അങ്ങനെ വന്ന് ഇരുന്നാല്‍ ‘ നിങ്ങള്‍ ദയവായി ഒന്ന് പുറത്തുപോകുമോ’ എന്ന് ചോദിക്കുന്നതിന് പകരം ‘നിങ്ങള്‍ കടക്ക് പുറത്ത്’ എന്ന് ഞാന്‍ പറഞ്ഞിരിക്കും. അത്രയേ ഉള്ളൂ’. മുഖ്യമന്ത്രി വിശദീകരിച്ചു.
2017 ജൂലൈയിൽ തിരുവനന്തപുരത്തെ സംഘർഷങ്ങളെക്കുറിച്ച് അന്നത്തെ ഗവർണർ പി.സദാശിവത്തിന്‍റെ നിർദ്ദേശാനുസരണം മുഖ്യമന്ത്രിയും ബിജെപി നേതാക്കളും മസ്കറ്റ് ഹോട്ടലിൽ നടത്തിയ അനുരഞ്ജന ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ‘കടക്കു പുറത്ത്’എന്ന് പറഞ്ഞ് മാധ്യമങ്ങളോട് കയര്‍ത്തത്.
ശബരിമലസ്വര്‍ണക്കൊള്ളക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ ഒരു പോരായ്മായും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.