എട്ട് വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്നത്. വിചാരണ പുരോഗമിക്കുമ്പോൾ തന്നെ  ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിരന്തരമായി നിയമപോരാട്ടങ്ങൾ നടന്നു. പ്രോസിക്യൂഷൻ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസം വിസ്തരിച്ചു എന്നതും കേസിന്‍റെ പ്രത്യേകതയാണ്.

വിചാരണ കോടതി, ഹൈക്കോടതി, സുപ്രീം കോടതി. കഴിഞ്ഞ ഏട്ട്  വർഷങ്ങളിൽ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഈ കോടതികൾ പരിഗണിച്ച ഹർജികൾ കുറച്ചൊന്നുമല്ല. കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണ്. വിചാരണ പ്രത്യേക കോടതിക്ക് കൈമാറിയെങ്കിലും, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതി പിന്നെയും വാർത്തകളിൽ ഇടംപിടിച്ചു. കുറ്റപത്രം സമർപ്പിച്ചത് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ആണെങ്കിലും, ബലാത്സംഗമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാലാണ് വിചാരണ സെഷൻസ് കോടതിയിലേക്ക് മാറിയത്. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കപ്പെടുന്നത്. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ഹണി.എം.വർഗീസ് ആയിരുന്നു അന്ന് ജില്ലയിൽ ഉണ്ടായിരുന്ന ഏക വനിതാ ജഡ്ജി. അങ്ങനെ ഹൈക്കോടതി വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ കലൂരിലെ സിബിഐ കോടതി വിചാരണ കോടതിയായി.കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ ഇവിടെയാണ് നടന്നത്. 

2020 ജനുവരി 6നാണ് ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള 10 പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തുന്നത്. കൃത്യം നടന്ന് ഏകദേശം മൂന്നുവർഷം പിന്നിടുമ്പോൾ ജനുവരി 30 ന് സാക്ഷി വിസ്താരം ആരംഭിച്ചു. അടച്ചിട്ട കോടതിമുറിയിൽ ആയിരുന്നു വിചാരണ നടപടികൾ. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിന് മാത്രം 438 ദിവസമെടുത്തു. ചലച്ചിത്ര താരങ്ങളായ ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ തുടങ്ങി 28 സാക്ഷികൾ വിചാരണക്കിടെ മൊഴിമാറ്റി. അതിനിടെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും, സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും, ആവശ്യം തള്ളി. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപും കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വിചാരണ പുരോഗമിക്കുന്നതിനിടയാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. പുതിയ സംഘത്തെ നിയോഗിച്ച് ഈ വെളിപ്പെടുത്തലിന്മേൽ സർക്കാർ അന്വേഷണം ആരംഭിച്ചു. ഇതോടെ വിചാരണ തൽക്കാലത്തേക്ക് നിർത്തിവെച്ചു. അന്വേഷണത്തിനൊടുവിൽ ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം കൂടി കോടതി ചുമത്തി. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 11 മാസത്തെ ഇടവേളയ്‌ക്കുശേഷം 2022 നവംബറിൽ വിചാരണ പുനരാരംഭിച്ചു.  ഇതിനിടെ വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. അതിജീവിതയുടെ അപേക്ഷ പരിഗണിച്ച് അഡ്വ.വി. അജകുമാറാണ് മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്. സാക്ഷിവിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതിയുടെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പല തവണ കാലാവധി നീട്ടി നൽകി. ക്രോസ് വിസ്താരത്തിന് ഏറ്റവും സമയം എടുത്തത് ദിലീപിന്‍റെ അഭിഭാഷകരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളമാണ് വിസ്തരിച്ചത്. ഇതിൽ 87 ദിവസവും എടുത്തത് ദിലീപിന്‍റെ അഭിഭാഷകൻ. 

ഇതിനിടെ പലതവണ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുമായി ബന്ധപ്പെട്ട് നിരവധി നിയമ പോരാട്ടങ്ങൾ തുടരുകയായിരുന്നു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതടക്കമുള്ള വിഷയങ്ങൾ പലതവണ കോടതി കയറിയിറങ്ങി. പ്രോസിക്യൂഷൻ സാക്ഷി വിസ്താരത്തിനും, കോടതിയുടെ ചോദ്യം ചെയ്യലിനും, പ്രതിഭാഗം സാക്ഷി വിസ്താരത്തിനും ശേഷം കഴിഞ്ഞ വർഷം ഡിസംബർ 11 ന് കേസിൽ അന്തിമ വാദം ആരംഭിച്ചു. ഇതിനിടെ വിചാരണ തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. ഏപ്രിൽ 11 ന് അന്തിമ  വാദം പൂർത്തിയായി. തുടർന്നങ്ങോട്ട്  ഏഴര മാസത്തോളം നീണ്ട വ്യക്തത വാദമെന്ന അപൂർവത. 

2018 ൽ ആരംഭിച്ച വിചാരണ നടപടികൾ നവംബറിലാണ് പൂർത്തിയായത്. ഇനി വിധിയാണ്. ദേശീയ തലത്തിൽ പോലും ഏറെ ശ്രദ്ധിക്കപ്പെട്ട കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം എന്തായിരിക്കും വിധി? പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി.എം.വർഗീസിന്‍റെ പേനത്തുമ്പിൽ കുറിക്കപ്പെട്ട വിധി ആരെയൊക്കെ ഇരുമ്പഴിക്കുള്ളിലാക്കും  എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

ENGLISH SUMMARY:

Actress Assault Case: The verdict in the actress assault case is highly anticipated after eight years of trial. The case has involved numerous legal battles in the High Court and Supreme Court, and the final verdict will be delivered soon.