കേരളം ഇന്നുവരെ കാണാത്ത ക്വട്ടേഷന്‍ ബലാല്‍സംഗം എന്ന ക്രൂരത. മലയാളത്തിലെ യുവ നടിക്കു നേരെ അതേ ഇന്‍ഡസ്ട്രിയിലെ നടന്‍ നല്‍കിയ ക്വട്ടേഷന്‍ എന്ന പരാതിയില്‍ എന്താകും വിധി എന്ന ആകാംഷയ്ക്ക് ഇനി ഒരു രാത്രിയുടെ അകലം മാത്രം. വിചാരണയ്ക്ക് ശേഷം പത്തു പ്രതികളാണ് നിലവില്‍ േകസിലുള്ളത്. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തിയാണ്  കേസെടുത്തത്. പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 

Also Read: ദിലീപും സുനിയും ഫോണിൽ വിളിച്ചില്ല; തെളിവ് ഒഴിവാക്കാൻ നടന്ന ആസൂത്രിത നീക്കം

പ്രതികളും വകുപ്പും 

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. ഏപ്രില്‍ 20 തിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പെരുമ്പാവൂര്‍ സ്വദേശി പൾസർ സുനി, കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരായിരുന്നു പ്രതികള്‍. 

ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ്  ദിലീപിനെ കേസിലെ എട്ടാം പ്രതിചേര്‍ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. ആദ്യപ്രതിപട്ടികയില്‍ പത്താ പ്രതിയായിരുന്ന വിഷ്ണുവിനെ പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കി. അഭിഭാഷകരായ പതിനൊന്നാം പ്രതി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് വിചാരണ തുടങ്ങിയത്. തുടരന്വേഷണത്തില്‍ ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത്ത് 13–ാം പ്രതിയായി. 

Also Read: നടിയെ അക്രമിച്ച കേസില്‍ വിധി നാളെ; ദിലീപ് അടക്കം പത്തു പ്രതികള്‍

പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 (എ), 120(ബി), 109, 342, 366, 354, 354 (ബി), 357, 376 (ഡി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കുറ്റവും ശിക്ഷയും

കൂട്ടബലാ‍ല്‍സംഗം, തട്ടികൊണ്ടുപോകല്‍, പ്രതികളെ ഒളിപ്പിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, നഗ്നയാക്കാന്‍ നിര്‍ബന്ധിക്കല്‍ എന്നിവയ്ക്ക് പുറമെ ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്. ഐപിസി 376 (ഡി) പ്രകാരമുള്ള കൂട്ടബലാല്‍സംഗത്തിന് 20 വര്‍ഷം കഠിനതടവ് മുതല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കാം. ക്രിമിനല്‍ ഗൂഢാലോചന–120 (എ), ക്രിമിനല്‍ ഗൂഡാലോചന പങ്കാളിത്തം– 120(ബി) എന്നിവ പ്രകാരം പീഡനത്തിന്‍റെ അതേ ശിക്ഷ ലഭിക്കും. 

Also Read: മലയാള സിനിമയെ രണ്ടായി പകുത്ത കേസ്; ദിലീപിന്റെ അറസ്റ്റ് വരെ, നിർണായക വഴിത്തിരിവുകൾ


ഐപിസി 366 പ്രകാരമുള്ള തട്ടികൊണ്ടുപോകലിന് പത്തു വര്‍ഷം തടവും പിഴയും ലഭിക്കാം. തെളിവ് നശിപ്പിക്കലിന് (201) മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും പ്രതികളെ സംരക്ഷിക്കല്‍ (ഐപിസി 212) എന്ന കുറ്റത്തിന് മൂന്നു വര്‍ഷം വരെ തടവും ലഭിക്കും. ഐപിസി 109 പ്രകാരമുള്ള പ്രേരണ കുറ്റത്തിന് കുറ്റകൃത്യത്തിന് സമാനമായ അതേ ശിക്ഷ ലഭിക്കും. 

ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 354) കുറ്റത്തിന് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കും. 

നഗ്നയാക്കാന്‍ നിര്‍ബന്ധിക്കലിന് (ഐപിസി 354(ബി)) മൂന്നു മുതല്‍ ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കും. ഐപിസി പ്രകാരം, തൊണ്ടിമുതൽ ഒളിപ്പിച്ചാൽ (411) മൂന്ന് വർഷം വരെ തടവും ക്രിമിനൽ ഭീഷണിക്ക് (506(1)) രണ്ട് വർഷം വരെ തടവും അന്യായമായി തടവിൽ പാർപ്പിച്ചാൽ (342) ഒരു വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഐടി ആക്ട് 66(ഇ) പ്രകാരം സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുത്ത കുറ്റത്തിന് 3 വര്‍ഷം വരെ തടവും രണ്ട് ലക്ഷം പിഴയും ലഭിക്കാം. ലൈംഗിക ചൂഷണദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് (67എ) അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ. 

ENGLISH SUMMARY:

A look into the serious IPC and IT Act sections (376D, 120B) charged against Dileep and the 10 accused in the Kerala actress assault case, detailing the potential life sentence and maximum punishments.