rahul

TOPICS COVERED

അറസ്റ്റ് തടഞ്ഞെങ്കിലും ഒളിവ് ജീവിതം അവസാനിപ്പിക്കാന്‍ രാഹുലിന് തടസമായി രണ്ടാമത്തെ ബലാല്‍സംഗക്കേസ്. രണ്ടാം കേസിലും മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കി. പരാതിക്കാരിയുടെ മൊഴി ഇന്നോ നാളെയോ   രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ചും തുടങ്ങി. എന്നാല്‍ ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞതിനാല്‍ രണ്ടാം കേസില്‍ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തേക്കില്ല.

പാലക്കാട് നിന്ന് മുങ്ങി, കോയമ്പത്തൂരും പൊള്ളാച്ചിയും ബാഗല്ലൂരും കടന്ന് ബെംഗളൂരുവിലെത്തി നില്‍ക്കുന്ന രാഹുലിന്‍റെ ഒളിവ് ജീവിതം തുടങ്ങിയിട്ട് പത്ത് ദിവസമായി. പിന്നാലെ പൊലീസുമുണ്ടെങ്കിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അവര്‍ക്ക് ഇനി കയ്യില്‍ കിട്ടിയാലും രാഹുലിനെ പിടിക്കാനാവില്ല. പിടിക്കാന്‍ പോയ പൊലീസ് സംഘം കേരളത്തിലേക്ക് മടങ്ങും. ആ ധൈര്യത്തില്‍ രാഹുലിന് ഒളിവ് ജീവിതം അവസാനിപ്പിക്കാനും സാധിക്കില്ല. രണ്ടാം ബലാല്‍സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ലെന്നതാണ് പ്രധാന തടസം. 

രണ്ടാം കേസില്‍ ഉടനടി രാഹുലിനെ പിടിക്കാന്‍ പൊലീസും തയാറായേക്കില്ല. പരാതിക്കാരിയുടെ വിശദമൊഴി ലഭിച്ചിട്ടില്ല. മൊഴിയെടുത്ത് മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്താല്‍ മാത്രമേ ബലാല്‍സംഗക്കേസില്‍ പ്രാഥമിക നടപടി പൂര്‍ത്തിയാകു. അതിന് മുന്‍പുള്ള അറസ്റ്റ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അതിനാല്‍ ഇന്നോ നാളെയോ പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് ക്രൈെബ്രാഞ്ച്. മൊഴിയെടുത്ത് നടപടി പൂര്‍ത്തിയാക്കിയാലും ഒരു കേസില്‍ അറസ്റ്റിന് വിലക്കുണ്ടായിരിക്കെ പിടിച്ചാല്‍ തിരിച്ചടിയാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനാല്‍ നിയമോപദേശം തേടിയായിരിക്കും തുടര്‍ തീരുമാനം. 

രണ്ട് കേസിലും പരമാവധി തെളിവ് ശേഖരിച്ച് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് പൊലീസിന്‍റെ മുന്നിലെ ഇനിയുള്ള പ്രധാനവെല്ലുവിളി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനായാല്‍ പൊലീസിന് നേട്ടവും രാഹുലിന് കുരുക്കുമാവും. ജാമ്യം കിട്ടിയാല്‍ രാഹുലിന് ജയില്‍ വാസം ഒഴിവാകും. പിന്നീട് കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോവുകയെന്ന സാധാരണ നടപടിയിലേക്ക് കടക്കേണ്ടിവരും.

ENGLISH SUMMARY:

Rahul rape case is currently under investigation. Rahul's absconding continues as he faces multiple rape allegations and seeks anticipatory bail, while the crime branch gathers evidence.