ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഒളിവ് ജീവിതം പത്താം ദിവസത്തിലേക്ക് കടന്നിട്ടും പിടികൂടാതെ പൊലീസ്. രാഹുൽ എവിടെ എന്നതിൽ ഒരു വ്യക്തതയും പൊലീസിന് ഇല്ല. ബെംഗളൂരുവില്‍ തന്നെ ഉണ്ടാകാം എന്ന നിഗമനത്തിൽ അന്വേഷണസംഘം അവിടെ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ രാഹുൽ കീഴടങ്ങാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. കർണാടകയിലെ വൻ സ്വാധീനമാണ് രാഹുലിനെ പിടികൂടാൻ തടസ്സം എന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ സഹായവും രാഹുലിന് ലഭിക്കുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞ് രാഹുൽ മുങ്ങുന്നത് സംശയം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് വരെ രാഹുൽ വിഷയം നിലനിർത്താനായി മനപ്പൂർവം പിടിക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. രാഹുലിനെ പിടികൂടണ്ടെന്ന് അന്വേഷണസംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ആരോപണം ശക്തമാകുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്കാന് തയാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകള്‍ നല്കാന് സാവകാശം വേണം. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് വിശദമായ വാദം കേള്‍ക്കുക. കസ്റ്റഡിയില്‍ ലഭിച്ചിട്ടും രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഇനിയും നിരവധി തെളിവുകള്‍ ശേഖരിക്കാനുണ്ട്. അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ രാഹുല്‍ ഈശ്വര്‍ സഹായിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ വിഡിയോ പ്രചരിപ്പിച്ചതിന് മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ അതിജീവിതയെ ആക്ഷേപിക്കുന്ന തരത്തില്‍ യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. ആക്ഷേപമുണ്ടെങ്കില്‍ അടുത്തിടെ ചെയ്ത മുഴുവന്‍ വിഡിയോയും നീക്കം ചെയ്യാം. അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കാം തുടങ്ങിയ വാദങ്ങളായിരുന്നു രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന് നിരത്തിയത്. സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനിടെ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ സെഷന്‍സ് കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്കിയ ശേഷമാണ് ജാമ്യത്തിനായി അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന് വ്യക്തമാക്കി.