കോവിഡ് കാലത്തെ സ്പ്രിംക്ലർ ഇടപാടിലെ നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി. കരാർ ഒപ്പിടുന്നതിൽ അന്നത്തെ ഐടി സെക്രട്ടറിയായ എം.ശിവശങ്കറിന് വീഴ്ച്ച പറ്റി. മന്ത്രിസഭയുടെ അനുമതി ഇല്ലാതെയാണ് കരാർ ഒപ്പിട്ടത്. നിയമവകുപ്പിന്റെയോ ധനവകുപ്പിന്റെയോ കൂടിയാലോചനയും ഉണ്ടായില്ല. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാം കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. 

കരാർ സ്വകാര്യതയുടെ ലംഘനമാണെന്ന് കാണിച്ച് രമേശ് ചെന്നിത്തല, കെ.സുരേന്ദ്രൻ എന്നിവർ നൽകിയ ഹർജികൾ തീർപ്പാക്കിയ ഉത്തരവിലാണ് പരാമർശങ്ങൾ. കോവിഡ് രോഗികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും, സ്പ്രിംക്ലർ ഈ വിവരങ്ങൾ പരസ്യപ്പെടുത്തുകയോ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് 2020ൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തിയാണ് ഹർജികൾ തീർപ്പാക്കിയത്. 

കരാറുണ്ടാക്കിയതിൽ സർക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി നടപടി. അസാധാരണമായ കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കരാർ വേണ്ടിവന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്പ്രിംക്ലർ കമ്പനിയെ വിവരശേഖരണത്തിനുള്ള ഉപാധിയായി മാത്രമാണ് ഉപയോഗിച്ചത്. ഡാറ്റയുടെ നിയന്ത്രണം സർക്കാരിൽ തന്നെയായിരുന്നു. നിലവിൽ കരാർ കാലാവധി കഴിഞ്ഞു. ശേഖരിച്ച വിവരങ്ങൾ തിരികെ നൽകിയെന്നും, നശിപ്പിച്ചുവെന്നും കമ്പനിയും സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ 2020-ൽ ഫയൽ ചെയ്ത ഹർജികൾക്ക് ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.

ENGLISH SUMMARY:

Kerala High Court has found significant procedural lapses in the Sprinklr deal during the COVID-19 pandemic. The court noted that the then IT Secretary, M. Sivasankar, committed errors in signing the contract without cabinet, legal, or finance department approval.