rahul-hc

ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഹര്‍ജി ഇനി 15 ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി . വിശദവാദം കേള്‍ക്കണമെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടാമത്തെ കേസില്‍ രാഹുല്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി . ഹര്‍ജി ഇന്ന് തന്നെ പരിഗണിച്ചേക്കും . 

ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകുമെന്നു രാഹുലിന്റെ അഭിഭാഷകന്‍ എസ്.രാജീവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. നോട്ടിസ് നല്‍കിയാല്‍ അനുസരിക്കാന്‍ ബാധ്യതയുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. 

നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.

ENGLISH SUMMARY:

Rahul Mamkootathil's arrest has been stayed by the Kerala High Court in connection with the rape case. The court will hear detailed arguments on the matter on the 15th.