നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ കീഴടങ്ങാൻ അനുവദിക്കരുത് എന്ന കർശന നിർദേശം മുകളിൽ നിന്നും ഉണ്ടായിരുന്നുവെന്ന് സുനിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥൻ എ.അനന്തലാൽ. സുനി കീഴടങ്ങിയാൽ അത് പൊലീസ് സേനയ്ക്ക് നാണക്കേടാകുമായിരുന്നു. കീഴടങ്ങാൻ കൃത്യമായ ആസൂത്രണത്തോടെയാണ് സുനി വന്നത്. കോടതിക്കുള്ളിൽ കയറിയാണ് സുനിയെ പിടികൂടിയതെന്നും അനന്തലാല്‍ മനോരമന്യൂസിനോട് പറഞ്ഞു.

2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നടിയെ, നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ട് പോയി ഓടുന്ന കാറിലിട്ട് ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസില്‍ നാടടച്ച് പൊലീസ് തിരയുന്നതിനൊടുവിലാണ് ഫെബ്രുവരി 23ന് എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ സുനി എത്തിയത്. കോടതിയിലേക്ക് എത്തിയതും പള്‍സര്‍ ബൈക്കിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാത്തുനിന്ന പൊലീസ് സംഘം കോടതി വളപ്പില്‍ കയറി സാഹസികമായി സുനിയെ കീഴടക്കി. ദിലീപിന്‍റെ ക്വട്ടേഷനെ തുടര്‍ന്നാണ് താന്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സുനി മൊഴി നല്‍കി. ജയിലിലിരിക്കെ സുനി ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. മാത്രവുമല്ല, പണം ആവശ്യപ്പെട്ട് സുനി ദിലീപിന് അയച്ച കത്തും പുറത്തുവന്നിരുന്നു. കത്ത് ദിലീപിനെ ഏല്‍പ്പിക്കണമെന്ന് സുനി പറഞ്ഞിരുന്നുവെന്ന് സുനിയുടെ അമ്മയും മൊഴി നല്‍കി.

ഏഴര വര്‍ഷം ജയിലില്‍ കഴിഞ്ഞ സുനിക്ക് 2024 സെപ്റ്റംബര്‍ 17ന് സുപ്രീംകോടതി ജാമ്യം നല്‍കി. വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്തായിരുന്നു ജാമ്യം. ലൈംഗിക പീഡനം, ദൃശ്യം പകര്‍ത്തിയതിന് ഐടി ആക്ട് അനുസരിച്ചുള്ള കുറ്റങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതിയായ സുനിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. 

ENGLISH SUMMARY:

Police officer A. Ananthalal, who arrested Pulsar Suni (first accused in the actress assault case), revealed that he received a strict directive from higher authorities not to allow Suni to surrender in court, as it would have brought shame to the police force. Suni was arrested from inside the court premises on February 23, 2017, after being on the run following the brutal assault and filming of the actress on February 17, 2017. Suni later confessed that the crime was committed based on a 'quotation' from actor Dileep. Suni, who was charged with sexual assault, kidnapping, and criminal conspiracy, was granted bail by the Supreme Court on September 17, 2024, citing the prolonged trial.