ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം.
ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു.
യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടനിലെ കെന്നഡി സെന്ററിലായിരുന്നു പുരസ്കാര ദാന ചടങ്ങ്. ലോകത്തെ കൈകളിൽ താങ്ങിനിർത്തുന്നതായി ചിത്രീകരിക്കുന്ന, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഫിഫ ഈ വർഷം ഏർപ്പെടുത്തിയ അവാര്‍ഡിന്‍റെ ആദ്യ പുരസ്കാരമാണിത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഫിഫ പ്രസിഡന്റ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ഗാസയിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ മുൻപ് പറഞ്ഞിരുന്നു.
അതേസമയം, കായിക, രാഷ്ട്രീയ മേഖലകളിൽ പുരസ്കാര പ്രഖ്യാപനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 5 ബില്യണിലധികം ഫുട്ബോൾ ആരാധകരുടെ പേരിലാണ് ഈ തീരുമാനമെടുത്തതെന്നാണ് ഫിഫ ഊന്നിപ്പറയുന്നത്. എന്നാല്‍ ആഗോള ഫുട്ബോൾ മല്‍സരങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശകർ ചോദ്യം ചെയ്യുന്നുണ്ട്.