മോൻസൺ മാവുങ്കലിന്‍റെ വീട്ടില്‍ നടന്ന മോഷണത്തില്‍ കേസെടുക്കാതെ കൊച്ചി നോര്‍ത്ത് പൊലീസിന്‍റെ ഒളിച്ചുകളിയെന്ന് ആരോപണം. ഹൈക്കോടതി അനുമതി നല്‍കിയിട്ടും നോര്‍ത്ത് പൊലീസിന്‍റെ നിസഹകരണം മൂലം നഷ്ടപ്പെട്ട വസ്തുക്കളുടെ കണക്കെടുപ്പ് തടസപ്പെട്ടു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പരാതി വ്യാജമെന്ന നിലപാടിലാണ് നോര്‍ത്ത് പൊലീസ്.
പുരാവസ്തു തട്ടിപ്പ് കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന വീട്ടില്‍ ഒന്നരമാസം മുന്‍പാണ് മോഷണം നടന്നത്. മോന്‍സന്‍റെ പുരാവസ്തു ശേഖരങ്ങളത്രയും ഈ വാടക വീട്ടിലായിരുന്നു. നവംബര്‍ ഏഴിന് വസ്തുക്കള്‍ മാറ്റാനായി കോടതി അനുമതിയോടെ പരോള്‍ വാങ്ങി എത്തിയപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. സ്വർണ ഖുറാനുകൾ, അമൂല്യമായ വാച്ചുകൾ, പുരാവസ്തുക്കൾ അടക്കം ഇരുപത് കോടി മൂല്യമുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടുവെന്നാണ് മോന്‍സന്‍റെ ആരോപണം. വീടും സിസിടിവികളും തകര്‍ത്തായിരുന്നു മോഷണം. സിസിടിവിയില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരുടെ ദൃശ്യങ്ങളും പതിഞ്ഞു. എന്നാല്‍ പരാതി നല്‍കി ഒരുമാസമായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയാറായില്ല.
ഹൈക്കോടതിയെ സമീപിച്ച് ഒരു ദിവസത്തെ പരോള്‍ വാങ്ങി മോന്‍സന്‍ ഇന്ന് വീണ്ടും കൊച്ചിയിലെത്തി. പത്ത് മണിക്കെത്തിയ മോന്‍സനും വിയ്യൂര്‍ ജയിലിലെ പൊലീസും ഉച്ചയ്ക്ക് രണ്ട് മണി വരെ കാത്തുനിന്നിട്ടും നോര്‍ത്ത് പൊലീസ് എത്തിയില്ല. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. പൊലീസിന്‍റെ ഒളിച്ചുകളിയില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. നേരത്തെ വീട് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലായിരുന്ന സമയത്തും മോഷണം നടന്നിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല.