TOPICS COVERED

പുരാവസ്തു തട്ടിപ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്ന വാടക വീട്ടിൽ  മോഷണമെന്ന മോൻസൺ മാവുങ്കലിന്റെ പരാതി വ്യാജമെന്ന് സംശയം. വാടകവീട് ഒഴിയാതിരിക്കാനുള്ള മോൻസണിന്റെ തന്ത്രമെന്ന സംശയത്തിലാണ് പൊലീസ്. കഴിഞ്ഞവർഷം മോൻസൺ നൽകിയ മോഷണ പരാതി വ്യാജമെന്ന് കണ്ടെത്തിയിരുന്നു.

മോൻസൺ മാവുങ്കൽ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടിരുന്ന സാധനങ്ങൾ സൂക്ഷിച്ചിരുന്നത് കൊച്ചി കലൂരിലെ വാടകവീട്ടിലായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും മോൻസൺ ഒഴിഞ്ഞിരുന്നില്ല. വീട് ഒഴിയുന്നത് നീട്ടിക്കൊണ്ടുപോകാനാണ് മോഷണ പരാതി എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന്‍റെ ഒരുവശം തകർത്ത് തന്റെ സാധനങ്ങൾ ആരോ മോഷ്ടിച്ചെന്നാണ് മോൻസൺ പറയുന്നത്. എന്നാൽ മോൻസൺ ആരോപിക്കുന്നതുപോലെ വീടിന്‍റെ ഭാഗം തകർന്നിട്ടില്ല. ഭിത്തി ചെറുതായി പൊളിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനുള്ളിലൂടെ വലിയ വസ്തുക്കൾ പുറത്തു കടത്താനും പറ്റില്ല. 

കഴിഞ്ഞവർഷവും മോൻസൺ മോഷണ പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലിരിക്കെ വീട്ടിലെ വസ്തുക്കൾ മോഷണം പോയി എന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തെങ്കിലും പരാതി വ്യാജമാണെന്നായിരുന്നു കണ്ടെത്തൽ.  20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് നിലവിലെ ആരോപണം. എന്തായാലും പരാതിയിൽ വിശദമായി അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിന്‍റെ തീരുമാനം.