ബലാത്സംഗക്കേസിൽ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറേയും സ്റ്റാഫിനേയും പ്രതി ചേര്‍ത്തു . ഫസല്‍, ആല്‍വിന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. രാഹുലിനെ രക്ഷപെടാന്‍ സഹായിച്ചെന്നാണ് കേസ്. ഇരുവരെയും നോട്ടിസ് നല്‍കി വിട്ടയച്ചു
അതേസമയം , ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ ഹൈക്കോടതിയെ സമീപിച്ചു. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. എം.എല്‍.എ ഒമ്പതാം ദിവസം ഒളിവില്‍ തുടരുമ്പോഴും എവിടെയെന്നതില്‍ അന്വേഷണസംഘത്തിന് ഒരു വ്യക്തതയുമില്ല.
Also Read: രാഹുലിനെ 'കൈവിട്ടു', ശബരിമല 'കൈയ്യിലെടുത്തു'; തിരഞ്ഞെടുപ്പ് കളത്തിൽ കോൺഗ്രസിന്റെ പുതിയ നീക്കം
ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും, സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയതെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എ ഒമ്പതാം ദിവസം ഒളിവില്‍ തുടരുമ്പോഴും എവിടെയെന്നതില്‍ അന്വേഷണസംഘത്തിന് ഒരു വ്യക്തതയുമില്ല. കോയമ്പത്തൂര്‍, പൊള്ളാച്ചി, ബാഗല്ലൂര്‍ എന്നിവിടങ്ങളിലെ ഓട്ടപ്പാച്ചിലിന് ശേഷം ഞായറാഴ്ച മുതല്‍ ബുധനാഴ്ച വൈകിട്ട് വരെ ബംഗളൂരു നഗരത്തിലും ഒളിവില്‍ കഴിഞ്ഞു. അതിനിടെ ബെംഗളൂരുവില്‍ വനിത അഭിഭാഷകയുടെ സഹായത്തോടെ ആഡംബര വില്ലയിലാണ് രാഹുല്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. അതിനിടെ രണ്ടാമത്തെ കേസിന്‍റെ അന്വേഷണച്ചുമതല എസ്.പി ജി.പൂങ്കുഴലിക്ക് കൈമാറി.