ഫയല്‍ ചിത്രം
അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് സൈബര്‍ പൊലീസ് എടുത്തിരുന്ന കേസില്‍ രണ്ട് ജാമ്യ ഹര്‍ജികളുമായി രാഹുല്‍ ഈശ്വര്‍. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ഒരു അഭിഭാഷകനെ കൊണ്ടും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മറ്റൊരു അഭിഭാഷകനെ കൊണ്ടുമാണ് രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യിപ്പിച്ചത്. അഭിഭാഷകനായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബോധപൂര്‍വ്വമായിരുന്നു പ്രവൃത്തിയെന്നും പ്രോസിക്യൂഷന്‍ കോടതയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യ ഹര്‍ജി കേള്‍ക്കുന്നത് മാറ്റി വയ്ക്കുയും ചെയ്തു.
അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജാണ് ജാമ്യ ഹര്‍ജിയിലെ വാദം മാറ്റിവച്ചത്. ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ വാദം കേള്‍ക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ പ്രാരംഭ വാദത്തില്‍ അതിജീവിത നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊലീസ് എടുത്ത എഫ്.ഐ.ആറിലെ കാര്യങ്ങളാണ് വായിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുളള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ലൈംഗിക പീഡനക്കേസിലെ എഫ്.ഐ.ആര്‍ പൊതു രേഖയായി കണക്കാക്കാനാകില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. അതേസമയം, അതിജീവിതയെ സംബന്ധിക്കുന്ന വിഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ തയ്യാറാണ്. അന്വേഷണവുമായി പ്രതി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.
എന്നാല്‍ ജാമ്യ ഹര്‍ജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ ഹര്‍ജി പോലും പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്ടോപ്പിന്റെ പാസ്‌വേഡ് നല്‍കാന്‍ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നു എന്നത് അഭിഭാഷകന്‍ കോടതിയില്‍ പറയുന്ന വാക്കുകള്‍ മാത്രമാണെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിഭാഗത്തിന്റെ സാങ്കേതിക പിഴവുകള്‍ തിരുത്തുന്നതിന് ഹര്‍ജിയിലെ വാദം മാറ്റിവച്ച കോടതി കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കും.