Image Credit: Facebook

Image Credit: Facebook

സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിന് വീണ്ടും കുരുക്ക്. ഒരു കേസില്‍ കൂടി പ്രതിചേര്‍ത്തു. ദ്വാരപാലക ശില്‍പ പാളിയിലെ സ്വര്‍ണം കടത്തിയ കേസിലാണ് പുതിയതായി പ്രതിചേര്‍‍ത്തത്.  കഴിഞ്ഞ ദിവസം ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിന് ഹൈക്കോടതി ഒരുമാസം കൂടി സമയം നീട്ടി നല്‍കിയിരുന്നു. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, എ. പത്മകുമാര്‍ എന്നിവരുടെ അറസ്റ്റും ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിര്‍ണായക വിവരങ്ങളും അടച്ചിട്ട മുറിയില്‍ എസ്പി കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ നിര്‍ണായക ഘട്ടത്തിലാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയതോടെയാണ് അന്വേഷണത്തിന് ഒരു മാസം കൂടി അനുവദിച്ചത്.

സ്വര്‍ണക്കൊള്ളയില്‍ ഇഡിക്കും അന്വേഷണം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്കടക്കം അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് പുറമെ ഇഡിയും സ്വര്‍ണക്കൊള്ളയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് റാന്നി, കോടതിയിലും കൊല്ലം വിജിലന്‍സ് കോടതിയിലും ഇഡി അപേക്ഷ നല്‍കും. മുന്‍പ് സമര്‍പ്പിച്ച അപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.