രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. അപേക്ഷ തിരുവനന്തപുരം ജില്ല സെന്‍ഷന്‍സ് കോടതി തള്ളി. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതിക്ക് മുന്‍പില്‍ വിലപ്പോയില്ല.
ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.
പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയുള്ളതാണെന്ന വാദമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. ഇത് തെളിയിക്കാന്‍ രാഹുലും ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കി. പക്ഷെ, ഭ്രൂണ ഹത്യയ്ക്ക് പരാതിക്കാരെയെ നിര്‍ബന്ധിക്കുന്ന ഓഡിയോ രാഹുലിന് തിരിച്ചടിയായി. കേസന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും എട്ട് ദിവസമായി ഒളിവിലാണെന്ന വസ്തുതയും എം.എം.എല്‍യെന്ന നിലയില്‍ പ്രതിക്കുള്ള സ്വാധീനവുമെല്ലാം പ്രോസിക്യൂഷന്‍ ഉന്നയിച്ചു.
കെ.പി.സി.സിക്ക് മറ്റൊരു പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത ബലാത്സംഗക്കേസിലെ എഫ്.ഐ.ആര്‍ കൂടി കോടതിയുടെ മുന്‍പിലെത്തിയതോടെ രാഹുലിന്‍റെ വിധിയില്‍ തീരുമാനമായി.