രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നാടകീയ രംഗങ്ങൾക്ക് വേദിയായി കാഞ്ഞങ്ങാട് കോടതി പരിസരം. വൈകിട്ട് ആറുമണിക്ക് ശേഷം വൻ പോലീസ് വിന്യാസം നടത്തിയതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. രാഹുൽ കോടതിയിൽ എത്തുമെന്ന നിഗമനത്തിൽ പ്രതിഷേധവുമായി ബിജെപി ഡിവൈഎഫ്ഐ പ്രവർത്തകർ പരിസരത്തെത്തി. പിന്നാലെ മടങ്ങിയ പോലീസ് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിന്യാസം നടത്തിയതെന്ന് വിശദീകരിച്ചു.

കർണാടക അതിർത്തി മേഖലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ കാസർകോട് ജില്ലയിൽ പോലീസിന്റെ വ്യാപക പരിശോധന നടന്നിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റോ, കീഴടങ്ങിലോ, ഒളിവു ജീവിതം തുടർന്ന് മേൽക്കോടതിയിൽ അപേക്ഷ നൽകുകയോ മാത്രമാണ് രാഹുലിന്റെ മുൻപിലുള്ള വഴി. കീഴടങ്ങുകയാണെങ്കിൽ ജില്ലയിലെ ഹൊസ്ദൂർഗ്, കാസർകോട് കോടതിയിൽ ആയേക്കാമെന്ന നിഗമനത്തിൽ രണ്ട് കോടതി പരിസരത്തും പോലീസ് വിന്യാസം നടത്തി.  Also Read: 'പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമേ രാഹുലുമായുള്ളൂ'; ഒടുവില്‍ തള്ളിപ്പറഞ്ഞ് ഷാഫി പറമ്പില്‍

എന്നാൽ വൈകിട്ട് ആറുമണിക്ക് ശേഷം ഹൊസ്ദൂർഗ് കോടതിയിലേക്ക് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു ബസ് പോലീസ് എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ ആരംഭിച്ചത്. ആറുമണിക്ക് ശേഷവും ജഡ്ജി കോടതിയിൽ തുടർന്നതോടെ രാഹുൽ കസ്റ്റഡിയിൽ ആയെന്നും, ഹാജരാക്കാൻ എത്തിക്കുമെന്നുമായി അഭ്യൂഹം. കോടതി പരിസരത്തേക്ക് ഡിവൈഎഫ്ഐ, എഐവൈഎഫ് ബിജെപി പ്രവർത്തകർ എത്തി. മുൻ ഗേറ്റിൽ നിന്ന് പിൻ ഗേറ്റിലേക്കുള്ള വഴിയിലേക്ക് പോലീസ് ബസ് നീങ്ങിയതോടെ പ്രവർത്തകർ ഓടി. മതിലുൾപ്പെടെ ചാടിക്കടന്ന് രാഹുൽ എത്തിയാൽ പ്രതിഷേധിക്കാൻ പ്രവർത്തകരെത്തി. 

എന്നാൽ വളരെ വേഗത്തിൽ പോലീസ് വിന്യാസം പിൻവലിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ഒന്നും പോലീസ് ഔദ്യോഗികമായ വിശദീകരണം നൽകാതിരുന്നത് ആശയക്കുഴപ്പത്തിന് കാരണമായി. ഒടുവിൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിനെ വിന്യസിച്ചതാണെന്നാണ് ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു. ഇതോടെ ഒരു മണിക്കൂർ നീണ്ട നാടകീയതയ്ക്ക് വിരാമമായി.  ജഡ്ജി കോടതിയില്‍നിന്ന് മടങ്ങുകയും ചെയ്തു. അതേസമയം രാഹുൽ കേരള കർണാടക അതിർത്തിയിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിലും പ്രധാനപ്പെട്ട റോഡുകളിലും പരിശോധന ശക്തമായി തുടരുന്നുണ്ട്. 

അതേസമയം, യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. 

ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി. 

രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയത് കൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും യുവതി ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചത്. ശാരീരിക ബുദ്ധിമുട്ട് കാരണം യുവതി സ്വകാര്യ ആശുപത്രി ഡോക്ടറെ കണ്ട് ചികില്‍സ തേടിയ രേഖകളും നിര്‍ണായകമായി. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയുള്ളതാണെന്ന വാദമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. ഇത് തെളിയിക്കാന്‍ രാഹുലും ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കി. ഭ്രൂണഹത്യയ്ക്ക് പരാതിക്കാരിയെ നിര്‍ബന്ധിക്കുന്ന ഓഡിയോ രാഹുലിന് തിരിച്ചടിയായി.

കേസന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും എട്ട് ദിവസമായി ഒളിവിലാണെന്ന വസ്തുതയും  എം.എം.എല്‍യെന്ന നിലയില്‍ പ്രതിക്കുള്ള സ്വാധീനവുമെല്ലാം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ‌കെ.പി.സി.സിക്ക് മറ്റൊരു പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത ബലാത്സംഗക്കേസിലെ എഫ്.ഐ.ആര്‍ കൂടി കോടതിക്ക് മുന്നിലെത്തിയെങ്കിലും ആദ്യ കേസിലെ വിവരങ്ങള്‍ പരിശോധിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. പ്രതിയുടെ സ്വാധീനവും ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് മുന്നില്‍ തെറ്റായ സന്ദേശമാകുമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Dramatic scenes unfolded in Kanhangad following rumours that Rahul Mamkootathil would be produced before the Hosdurg court. By around 7:30 PM, the magistrate left the court premises. The police deployed in the area were also withdrawn. The District Police Chief stated that police presence was arranged based on information that Rahul was not in custody but might possibly appear in court.