രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. ഇരുപത്തിമൂന്നുകാരിയായ യുവതി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ രാഹുലിനെതിരായ കേസുകളുടെ എണ്ണം രണ്ടായി.
ഇന്നലെ ഉച്ചയോടെയാണ് യുവതി കെപിസിസി നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, പാർട്ടി നേതൃത്വം വൈകുന്നേരത്തോടെ തന്നെ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കൈമാറുകയായിരുന്നു. ഡിജിപിയുടെ നിർദേശപ്രകാരം കേസ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് വിട്ടു. തുടർന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
2023 സെപ്റ്റംബർ മുതൽ രാഹുൽ മാങ്കൂട്ടത്തിലുമായി പരിചയമുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രണയം നടിച്ച് അടുത്തുകൂടിയ രാഹുൽ, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. പിന്നീട് ഒരു ഹോംസ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബലാത്സംഗം (ഐപിസി 376), വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ മറ്റൊരു കേസിൽ കഴിഞ്ഞ ഏഴ് ദിവസമായി ഒളിവിൽ കഴിയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഈ കേസിൽ മുൻകൂർ ജാമ്യം തേടി അദ്ദേഹം സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി നാളെ വരാനിരിക്കുകയാണ്. ഇതിനിടെയാണ് കൂടുതൽ ഗൗരവമേറിയ വകുപ്പുകളോടെ പുതിയ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനുള്ള ശ്രമങ്ങൾക്കിടെയാണ് ജാമ്യമില്ലാത്ത പുതിയ കേസിൽ പ്രതിയായിരിക്കുന്നത്.
ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിനെ മാത്രം പ്രതി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ മൊഴി അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. ഇതിനായി യുവതിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും.