ലൈംഗികപീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല. രാഹുലിന്‍റെ ഹര്‍ജിയില്‍ വാദം കേട്ട തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് നാളേക്ക് നീട്ടുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് അനുബന്ധമായ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അതിനുശേഷമാകും വിധി. അതേസമയം രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
നാളെ രാവിലെ 11 മണിയോടെ ഒന്നാമത്തെ കേസായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നത്തെ വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ നിര്‍ണായകമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ നാളെ അന്തിമവാദം കേള്‍ക്കുമെന്നാണ് സൂചന. പ്രോസിക്യൂഷന്‍റെ ഭാഗത്തു നിന്നുള്ള രേഖകള്‍ ഹാജരാക്കുകയും അതിന്മേലുള്ള വാദങ്ങള്‍ കേട്ടശേഷം വിധ പറയാനാണ് സാധ്യത. നാളെ വിധിയുണ്ടാകും എന്നാണ് അഭിഭാഷകരുമായിട്ട് ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം. എന്നാല്‍ കോടതി രേഖയില്‍ നാളെയാണ് വിധി എന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. വിധി നീളുകയാണെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ പരിശോധിക്കാനുണ്ടെന്നും വിധി എപ്പോഴാണെന്ന് പിന്നീട് തീരുമാനിക്കാമെന്നുമാണ് കോടതി പറഞ്ഞത്. അതിനാല്‍ നിലവില്‍ രാഹുലിന്‍റെ അറസ്റ്റ് തടസമില്ലെന്ന് സാങ്കേതികമായി കണക്കാക്കാം.
ഒന്നേമുക്കാല്‍ മണിക്കൂറാണ് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടത്. അടച്ചിട്ട കോടതിയിലായിരുന്നു കേസെടുത്തത്. മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. രാഹുല്‍ ഒളിവിലാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. അതേസമയം ബലാല്‍സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഹുലിന്‍റെ മറുവാദം. കോടതി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചു. പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.