രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് പ്രവർത്തക എം.എ ഷഹനാസ് രംഗത്ത്. കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ തനിക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചുവെന്നും, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.
ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ വന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറയുന്നു. "ഒരുമിച്ച് ഡൽഹിക്ക് പോകാമായിരുന്നല്ലോ" എന്ന തരത്തിലുള്ള സന്ദേശമാണ് രാഹുൽ അയച്ചതെന്നാണ് പ്രധാന ആരോപണം. ഇത് തികച്ചും അനുചിതവും മോശം ഉദ്ദേശ്യത്തോടെയുള്ളതുമായിരുന്നുവെന്ന് ഷഹനാസ് കൂട്ടിച്ചേർത്തു.
ഈ സംഭവം നടന്നയുടൻ തന്നെ അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. രാഹുലിന്റെ പെരുമാറ്റത്തിലെ അതൃപ്തി വ്യക്തമാക്കുകയും, ഭാവിയിൽ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നതായും ഷഹനാസ് വെളിപ്പെടുത്തി.