ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദ്ദം ശക്തമാകുന്നു. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടപ്പോൾ, പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് വനിതാ നേതാവ് ഷമ മുഹമ്മദ് ആഞ്ഞടിച്ചു. അതേസമയം, രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്നും വിധി പറഞ്ഞില്ല. ഹർജിയിൽ നാളെയും വാദം തുടരും.
കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാടാണ് മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നത്. "പരാതി വരുന്നതിന് മുൻപ് തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ പാർട്ടിയിൽ തുടരാൻ കഴിയാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു" എന്ന് വ്യക്തമാക്കിയ വി.എം. സുധീരൻ, രാഹുൽ ഉടൻ എം.എൽ.എ സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.
അതിലും രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പ്രതികരിച്ചത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇനിയും കാത്തുനിൽക്കേണ്ടതില്ലെന്ന് അവർ പറഞ്ഞു. "നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ രാഹുൽ ഒളിവിൽ നിന്ന് പുറത്തുവരണം. അദ്ദേഹത്തെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണം," ഷമ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, വിഷയത്തിൽ തിരക്കിട്ട് നടപടി വേണ്ടെന്നും പാർട്ടിക്ക് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ടെന്നുമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയത്. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, "രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുക്കും. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്. രണ്ടാമത്തെ പരാതി ലഭിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടതേയുള്ളൂ. അതനുസരിച്ച് ഒരു തീരുമാനം ഉണ്ടാകും."
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്നും വിധി പറഞ്ഞില്ല. പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇതിനുശേഷമായിരിക്കും വിധി പറയുക. ഹർജിയിലെ തുടർവാദം നാളെ നടക്കും. എന്നാൽ, രാഹുലിന്റെ അറസ്റ്റ് തടയാൻ കോടതി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഇത് പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാൻ നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കുന്നു.
ബലാത്സംഗക്കേസിൽ നിയമപരമായും രാഷ്ട്രീയപരമായും ഒരുപോലെ കുരുക്കിലായിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാജി ആവശ്യം ഉയർന്നതും മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി ലഭിക്കാത്തതും വരും ദിവസങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ നിർണായകമാകും.