tantri-rajeevaru-sabarimala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം. വിശദ അന്വേഷണത്തിനായി കൂടുതല്‍ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടും. നാളെ കോടതിയില്‍ നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കൊള്ളയുടെ ആഴവും ഉന്നതരുടെ പങ്കും എസ്.ഐ.ടി വ്യക്തമാക്കിയേക്കും.

സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തലവേദനയും കേരളത്തിന് ഞെട്ടലുമുണ്ടാക്കിയ ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം തീര്‍ന്നു. ഒക്ടോബര്‍ 10ന്  അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി ആറ് ആഴ്ചയായിരുന്നു എസ്.ഐ.ടിക്ക് സമയം നിശ്ചയിച്ചത്. ഇതിനകം ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍ വരെ അഴിക്കുള്ളിലായി. പക്ഷെ അതുകൊണ്ട് അന്വേഷണം അവസാനിച്ചിട്ടില്ലെന്നാണ് എസ്.ഐ.ടി പറയുന്നത്. അതിനാല്‍ നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയേക്കില്ല. പകരം ഇതുവരെയുള്ള കണ്ടെത്തലുകള്‍ വിശദമാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് നല്‍കി കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ആലോചന. 

നിലവില്‍ പ്രധാനമായും അന്വേഷിച്ചത് ദേവസ്വം ബോര്‍ഡും ശബരിമലയും കേന്ദ്രീകരിച്ചുള്ള ഗൂഡാലോചനയിലാണ്. അതില്‍ തന്നെ ഇനി കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണമെന്നാണ് എസ്.ഐ.ടി പറയുന്നത്. അതോടൊപ്പം സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. ഇവിടെയുള്ള പലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെങ്കിലും പിടികൂടാന്‍ സമയം കിട്ടിയിട്ടില്ലെന്നും എസ്.ഐ.ടി പറയുന്നു. പത്മകുമാറിന്‍റെ അറസ്റ്റിന് ശേഷം അന്വേഷണം നിലച്ചൂവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് എസ്.ഐ.ടി കൂടുതല്‍ സമയം തേടുന്നത്. അതിനിടെ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി നാളെ വിധിപറയും.

ENGLISH SUMMARY:

Sabarimala gold scam investigation reveals more involvement. The special investigation team is expected to request more time from the High Court to further investigate the depth of the gold scam and the involvement of high-ranking individuals.