akhil-marar-about-rahul-eswar-and-rahul-mankootathil

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അതിജീവിതയുടെ വിവരങ്ങള്‍ വ്യക്തിഗത പുറത്തുവിടുന്ന തരത്തില്‍ വിഡിയോ ചെയ്തതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെതിരെ അഖില്‍ മാരാര്‍. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതി സ്വയം ഒരു വിഡ്ഢിയായി മാറിയ ആളാണ് രാഹുൽ ഈശ്വറെന്നും രാഹുല്‍ മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണെന്നും അഖില്‍ പറയുന്നു. 

'വിവാഹിതയായ ഒരു സ്ത്രീ തന്‍റെ ഭർത്താവിനെ ചതിച്ച് മറ്റൊരു പുരുഷനൊപ്പം പോയി എന്ന് പറഞ്ഞ് കേരളത്തിലെ കുടുംബങ്ങള്‍ക്കിടയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കണ്ടന്‍റിലുടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഈശ്വരന് കഴിഞ്ഞിട്ടുണ്ട്. ആദ്യം വന്ന ചാറ്റുകൾ, ആദ്യം വന്ന ഗർഭകേസുകൾ ഒന്നും തന്നെ ഈ പെൺകുട്ടിയുടേതല്ല. നിങ്ങൾക്ക് തന്നെ അന്നത്തെ ചാറ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2021-ലെ ചാറ്റുകളാണ് പുറത്തുവന്നത്. 2021-ൽ ഈ പെൺകുട്ടിയുമായിട്ടല്ല രാഹുൽ മാങ്കൂട്ടത്തിൽ ബന്ധപ്പെട്ടത്. അന്ന് മറ്റൊരു പെൺകുട്ടിയായിരുന്നു'.

'പുറത്തുവരാത്ത പരാതികളും പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളുമുണ്ട്. കെ.പി.സി.സിയോടും വി.ഡി. സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവെച്ചിട്ടുള്ള പരാതികൾ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസിലെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തത്'.

ഒന്നൊന്നര വർഷം മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തുപോയ സിനിമാ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. കുടുംബജീവിതത്തിൽ ഉണ്ടായ മാനസിക പ്രശ്‌നങ്ങൾ പറയാൻ വേണ്ടി ഒരു പൊതുപ്രവർത്തകനെ ബന്ധപ്പെടുമ്പോൾ, ആ പൊതുപ്രവർത്തകൻ ഈ പെൺകുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവുമൊക്കെ സ്ഥാപിച്ച് ആ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാർത്ഥത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും രാഹുൽ ചെയ്തതെന്നും അഖില്‍ ചോദിക്കുന്നു. 

അഖിലിന്‍റെ വാക്കുകള്‍ : 'രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് സ്വയം കുഴിച്ച കുഴിയിൽ വീണ് രാഹുൽ ഈശ്വർ കൂടി ഇന്ന് ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. രാഹുൽ ഈശ്വർ ആദ്യത്തെ ദിവസം ചാനൽ ചർച്ചയിൽ വന്ന് സംസാരിച്ച സമയത്ത് ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു. അദ്ദേഹത്തിന്റെ ചാനൽ ചർച്ച സഹിക്കാവുന്നതിലും കേൾക്കാവുന്നതിലും അരോചകമായി തോന്നിയതുകൊണ്ടും അദ്ദേഹം നിരത്തുന്ന വാദമുഖങ്ങൾ വളരെ അരോചകമായി തോന്നിയതുകൊണ്ടുമാണ് ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചത്.

 

ഞാൻ അദ്ദേഹത്തോട് ആദ്യം ചോദിച്ചത്, താങ്കൾക്ക് ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടോ എന്നുള്ളതാണ്. കാരണം, വിവാഹിതയായ ഒരു സ്ത്രീ രാഹുൽ മാങ്കൂട്ടവുമായി തന്‍റെ ഭർത്താവിനെ ചതിച്ചു നടത്തിയ ഒരു ബന്ധം എന്ന നിലയ്ക്ക് താങ്കൾ മുന്നോട്ട് വെക്കുന്ന വാദം പൂർണ്ണമായും മുഖവിലക്കെടുത്ത് ഞാൻ ചോദിച്ചു: "നാലു മാസം മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്ക്രീൻഷോട്ടുകളും, പഴയ ചാറ്റുകളും, അന്നത്തെ ഗർഭകേസുകളും ഈ പെൺകുട്ടിയുടേത് ആയിരുന്നോ? അതോ അറിയാതെയാണോ താങ്കൾ ഇത് സംസാരിക്കുന്നത്?"

 

അപ്പോൾ അത് അറിഞ്ഞിട്ടാണോ, അതോ ബോധപൂർവ്വമാണോ, അതോ ഇത്തരം വിഷയങ്ങൾ സംസാരിക്കുന്ന സമയത്ത് വലിയൊരു ജനരോഷം നിൽക്കുന്ന വിഷയത്തിനെതിരെ സംസാരിക്കുമ്പോൾ തനിക്ക് കിട്ടുന്ന ശ്രദ്ധക്ക് വേണ്ടിയാണോ എന്നൊന്നും അറിയില്ല.

 

സത്യത്തെയും യാഥാർത്ഥ്യത്തെയും മറച്ചുപിടിച്ചുകൊണ്ട് ഒരു വലിയ വിഭാഗം പിണറായി വിജയനെതിരെ കേരളത്തിൽ നിൽക്കുന്നതുകൊണ്ട് തന്നെ, സർക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉള്ളതുകൊണ്ട് തന്നെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതിയ സ്വയം ഒരു വിഡ്ഢിയായി മാറിയ രാഹുൽ ഈശ്വറിനോട് അന്നത്തെ ദിവസം പറഞ്ഞതുതന്നെ ഞാൻ വീണ്ടും ആവർത്തിക്കുന്നു. താങ്കൾ കാണിക്കുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ല എന്ന യാഥാർത്ഥ്യം താങ്കൾ ഇനിയെങ്കിലും മനസ്സിലാക്കുക. താങ്കൾ ഇവിടെ മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്.

 

രാഹുലിന്റെ ഉദ്ദേശ്യം ഈ പെൺകുട്ടിയെ വിവാഹം കഴിച്ച്, അവളെ അമ്മയാക്കി, ഭാര്യയും അമ്മയും ആക്കി കൂടെ പൊറുപ്പിക്കാൻ വേണ്ടിയാണെന്നും, ആ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ അത് കാത്തുസൂക്ഷിച്ചതിനുള്ള കാരണം അദ്ദേഹത്തിന്റെ മാന്യതയാണെന്നും പറഞ്ഞാണ് ആദ്യ ദിവസങ്ങളിൽ രാഹുൽ ഈശ്വർ വാദിച്ചത്.

 

തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറയുകയാണ്. ഈ പെൺകുട്ടി വിവാഹിതയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ സംസാരിക്കാൻ വേണ്ടി ഈ പെൺകുട്ടി എന്നെ ബന്ധപ്പെട്ടതും, പിന്നീട് ആ ബന്ധം സൗഹൃദവും പ്രണയവുമായി മാറിയെന്നും, ആ പ്രണയം ലൈംഗികബന്ധത്തിലേക്ക് വഴിമാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചതോടുകൂടി രാഹുൽ ഈശ്വർ ആദ്യം മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും അവിടെ പൊളിഞ്ഞു.

 

യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വന്നിരുന്ന് ഈ വിഷയത്തിൽ ന്യായീകരിക്കുമ്പോൾ, അയാൾ രണ്ടാമത് മുന്നോട്ട് വെക്കുന്ന വാദം എന്ന് പറയുന്നത്, വിവാഹിതയായ ഒരു സ്ത്രീ തന്‍റെ ഭർത്താവിനെ ചതിച്ച് മറ്റൊരു പുരുഷനൊപ്പം പോയി എന്ന് പറയുന്ന, കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിലും കുടുംബങ്ങൾക്കിടയിലും ഏറ്റവും എളുപ്പം 'വർക്ക് ആവുന്ന' കുടുംബങ്ങളുടെ ധാർമികത അല്ലെങ്കിൽ സന്മാർഗ്ഗികത എന്ന് പറയുന്ന കാഴ്ചപ്പാടുകളാണ്. ഇത്തരം ചിന്തകൾ പലപ്പോഴും കുടുംബങ്ങളിൽനിന്ന് വലിയ സ്വീകാര്യത നേടുന്നതാണ്. അതിലൂടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഈശ്വരന് കഴിഞ്ഞിട്ടുണ്ട്.

 

നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത്, ആദ്യം വന്ന വാർത്ത, ആദ്യം വന്ന ചാറ്റുകൾ, ആദ്യം വന്ന ഗർഭകേസുകൾ ഒന്നും തന്നെ ഈ പെൺകുട്ടിയുടേതല്ല. നിങ്ങൾക്ക് തന്നെ അന്നത്തെ ചാറ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2021-ലെ ചാറ്റുകളാണ് പുറത്തുവന്നത്. 2021-ൽ ഈ പെൺകുട്ടിയുമായിട്ടല്ല രാഹുൽ മാങ്കൂട്ടത്തിൽ ബന്ധപ്പെട്ടത്. അന്ന് മറ്റൊരു പെൺകുട്ടിയായിരുന്നു, മറ്റൊരു ചാനലിലെ മാധ്യമപ്രവർത്തകയായിരുന്നു അത്. അതോടൊപ്പം തന്നെ, പുറത്തുവരാത്ത പരാതികൾ, പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളും, കെ.പി.സി.സിയോടും വി.ഡി. സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവെച്ചിട്ടുള്ള പരാതികൾ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസിന്‍റെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തത്.

 

യഥാർത്ഥത്തിൽ രാഹുലിനെ ഒഴിവാക്കി നിർത്തിയത്, രാഹുലിനെക്കൂടി രക്ഷിക്കുക എന്ന് പറയുന്ന ഒരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം, പാർട്ടിക്കുള്ളിൽ ഒരു അന്വേഷണ കമ്മീഷനെ വെക്കുകയും ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ മാറ്റി നിർത്തുകയും ചെയ്യണം എന്നൊരു സമീപനമാണ് വി.ഡി. സതീശനോ കെ.പി.സി.സിയോ തീരുമാനിച്ചിരുന്നതെങ്കിൽ, ഈ അന്വേഷണ കമ്മീഷന്റെ മുമ്പിൽ നിരവധി പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകുമായിരുന്നു. അത് രാഹുലിന് കൂടുതൽ ദോഷകരമായി മാറിയേനെ.

 

കാരണം, ഈ വിഷയത്തിൽ നിരവധി പരാതികൾ നിരവധി പെൺകുട്ടികളിൽനിന്ന് ഉണ്ടെന്നുള്ളതും ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ഞാൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇത്തരം ഒരു നിലപാട് സ്വീകരിക്കേണ്ടി വരുന്നു എന്ന് ചോദിച്ചാൽ, ഒന്നൊന്നര വർഷം മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തുപോയ സിനിമാ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. അപ്പോൾ, ഒരു വ്യക്തി പിണറായി വിജയനെ എതിർക്കുന്നു, അല്ലെങ്കിൽ സർക്കാരിനെ എതിർക്കുന്നു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട്, ഒരു പൊതുപ്രവർത്തകൻ കാണിക്കേണ്ട മാന്യത പൊതുസമൂഹത്തിൽ പുലർത്തിയിരുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രശ്നം.

 

ഇവിടെ വിവാഹിതയായ ഒരു സ്ത്രീയുടെ തെറ്റിനെ ചൂണ്ടിക്കാണിച്ച് ആ വിഷയത്തെ വക്രീകരിച്ച് വളച്ചൊടിച്ച് ആ പെൺകുട്ടിയെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. ഈ പെൺകുട്ടിയെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് കുറ്റം പറയാൻ പറ്റുക? വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ഭർത്താവുമായിട്ട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിക്കൂടെ? അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും, ആ ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനം എടുക്കാനും ഈ രാജ്യത്തെ ഏതൊരു പെൺകുട്ടിക്കും അവകാശമുണ്ട്.

 

അപ്പോൾ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കുടുംബജീവിതത്തിൽ ഉണ്ടായ മാനസിക പ്രശ്‌നങ്ങൾ പറയാൻ വേണ്ടി ഒരു പൊതുപ്രവർത്തകനെ ബന്ധപ്പെടുമ്പോൾ, ആ പൊതുപ്രവർത്തകൻ ഈ പെൺകുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവുമൊക്കെ സ്ഥാപിച്ച് ആ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാർത്ഥത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും രാഹുൽ ചെയ്തത്.

 

പ്രിയപ്പെട്ട രാഹുൽ ഈശ്വരൻ, നിങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് നിങ്ങൾ ഒരു നിമിഷം ഇതിനെക്കുറിച്ച് ഒന്നുകൂടി കൃത്യമായി വിശകലനം ചെയ്യൂ. നിങ്ങൾ ആ പെൺകുട്ടിയെ ഇത്രയേറെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതിന് മുൻപ് ആ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഒരു തെറ്റ് എന്ന് പറയുന്നത്. തന്‍റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പറയാൻ വേണ്ടി വിശ്വാസ്യതയോടുകൂടി രാഹുലിനെ ബന്ധപ്പെടുന്നു. രാഹുൽ ആ വിഷയത്തെ മുതലെടുത്ത് സൗഹൃദവും പ്രണയവും സ്ഥാപിക്കുന്നു. സ്വാഭാവികമായിട്ടും തന്‍റെ ഭർത്താവിൽ നിന്ന് പിരിയണമെന്ന് ആഗ്രഹിക്കുന്ന, അല്ലെങ്കിൽ ആ ഒരു വിവാഹജീവിതത്തിൽ താല്പര്യമില്ലാതെ തനിക്ക് മറ്റൊരു വിവാഹജീവിതത്തിലേക്ക് കടന്നാലോ എന്ന് ചിന്തിക്കുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിനെപ്പോലെ പ്രതിഭാധനനായ, മിടുക്കനായ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്ന ഒരാൾ തന്നെ സംരക്ഷിക്കുമെന്നും, ഭാവിയിൽ തന്‍റെ ജീവിതം സുഖകരമായി പോകുമെന്നും പ്രതീക്ഷയോടുകൂടി അയാളുമായി ബന്ധപ്പെടുകയും, ആ ബന്ധം ലൈംഗിക ബന്ധത്തിലേക്ക് മാറുകയും, അയാൾ അമ്മയാകാൻ പറയുന്ന സമയത്ത് അതിന് തയ്യാറാകുകയും ചെയ്യുമ്പോൾ, ഈ പെൺകുട്ടി എന്ന് പറയുന്നത് ലോകത്തെ ഏതൊരു പെൺകുട്ടിക്കും സംഭവിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഏതൊരു സ്ത്രീക്കും സംഭവിക്കാവുന്ന മാനസികമായ ഒരു വീഴ്ച മാത്രമാണ്. അത് കുടുംബജീവിതത്തിൽ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കിടയിലും ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കാറുണ്ട്.

ENGLISH SUMMARY:

Rahul Mankootathil is at the center of a controversy involving accusations of sexual harassment and related discussions. Akhil Marar's statements shed light on the complexities of the situation, particularly regarding Rahul Easwar's arrest and the broader implications for Youth Congress and Kerala politics.