രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുലിനെ സൈബര്‍ പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചു. നോട്ടീസ് നല്‍കിയത് അറസ്റ്റിനുശേഷമെന്നാണ് രാഹുലിന്‍റെ വാദം. നോട്ടീസ് കൈപ്പറ്റിയില്ലെന്ന് പൊലീസ് വാദിച്ചു. രാഹുലിന്‍റെ ജാമ്യത്തെ പൊലീസ് എതിര്‍ത്തു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവക്ക് പുറമെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നീ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയത്. തിങ്കളാഴ്ച രാവിലെ രാഹുല്‍ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്തെ വീട്ടിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലാണ്.
സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണെന്ന വാദമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ഉന്നയിച്ചത്. തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അനുകൂലിച്ച് താൻ വീഡിയോ ചെയ്തത് മാത്രമാണ് പ്രകോപനമെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വിഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളക്കേസ് ആണെന്നും പുരുഷ കമ്മീഷന്‍ വരേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ആശുപത്രിയിലേക്ക് പോകും വഴി മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, അഭിഭാഷക ദീപ ജോസഫ്, മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്‍ജിത പുളിക്കന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരുടെ അറസ്റ്റിലേക്കും അന്വേഷണ സംഘം നീങ്ങിയേക്കും