അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വടകര ഡിവൈ.എസ്.പി എ.ഉമേഷിന് സസ്പെന്‍ഷന്‍. ഡി.ജി.പിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് നടപടി സ്വീകരിച്ചത്. ചെര്‍പ്പുളശേരി എസ്.എച്ച്.ഒയായിരിക്കെ ജീവനൊടുക്കിയ ബിനു തോമസിന്‍റെ ആത്മഹത്യാകുറിപ്പിലായിരുന്നു ഉമേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുണ്ടായിരുന്നത്.
ബിനു വടക്കഞ്ചേരി എസ്.ഐയും ഉമേഷ് സി.ഐയുമായി ജോലി ചെയ്യുന്ന സമയത്ത് അനാശാസ്യത്തിന് പിടിയിലായ യുവതിയെ ഉമേഷ് കേസെടുക്കാതെ വിട്ടയച്ചു. പിന്നീട് വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു ആത്മഹത്യാകുറിപ്പിലെ പരാമര്‍ശം.
ഇത് മനോരമ ന്യൂസ് പുറത്തുവിട്ടതോടെ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിലും ആരോപണം ശരിയാണെന്ന് യുവതി മൊഴി നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. തുടരന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആഭ്യന്തര വകുപ്പ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.