സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആര്‍) സമയപരിധി നീട്ടി. കരട് പട്ടിക ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കും. ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. നീട്ടിയത് 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ്.
അതേസമയം, സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കരട് പട്ടിക പുറത്തിറങ്ങുമ്പോൾ 5 ലക്ഷത്തിലേറെപ്പേർ നിലവിലെ നിയമസഭാ വോട്ടർ പട്ടികയിൽനിന്നു പുറത്താകുമെന്നു വ്യക്തമായി. നിലവിലെ പട്ടികയിൽ 2.78 കോടി വോട്ടർമാരാണുള്ളത്. എന്യൂമറേഷൻ ഫോം വിതരണം ചെയ്യാനായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 5,01,876 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഇറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഫോം പൂരിപ്പിച്ചു നൽകാത്തവർ പട്ടികയിൽ ഉണ്ടാവില്ലെന്നു നേരത്തേ തന്നെ സിഇഒ വിശദീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ ഡിജിറ്റൈസ് ചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 1,61,40,137 ആയി.