രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ച സംഭവത്തില്‍, കസ്റ്റഡിയിലെടുക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവുമായി രാഹുല്‍ ഈശ്വര്‍. പൊലീസുകാര് വീട്ടില്‍ വന്നിരിക്കുകയാണെന്ന് പറഞ്ഞാണ് രാഹുല്‍ വിഡിയോ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'സാറേ എങ്ങോട്ടാ കൊണ്ടുപോണേ, എനിക്ക് 7 മണിക്ക് ചര്‍ച്ചയുണ്ട്, എന്‍റെ വണ്ടിയില്‍ വരാമോ? എന്‍റെ ലാപ്ടോപ്പ് കൈവശമില്ല, അത് ടെക്നോപാര്‍ക്ക് ഓഫീസിലാണ്, ഇന്ന് ഓഫീസ് അവധിയാണ്' എന്നാണ് ലൈവില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. പൊലീസ് മാറിയതോടെ ലാപ്ടോപ്പ് കൈവശമുണ്ടെന്നും, അത് ഒളിപ്പിക്കുകയാണെന്നും കൂടി രാഹുല്‍ ലൈവില്‍ പറയുന്നുണ്ട്.
ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ വാഹനത്തില്‍ കയറി പോയത്. സൈബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബർ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
രാഹുലിനെ നാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്.
രാഹുലിനോട് ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു. എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നൽകിയിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി.