ശബരിമല തീർത്ഥാടന കാലത്തെ അപകടങ്ങൾക്ക് അറുതി വരുത്താൻ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഇടുക്കിയിൽ കുട്ടിക്കാനം കേന്ദ്രമാക്കി സേഫ് സോൺ പദ്ധതിക്ക് തുടക്കം കുറിച്ചു. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന കൊട്ടാരക്കര-ദിണ്ടുക്കൽ ദേശീയ പാതയിൽ പരിശോധനകൾ കർശനമാക്കി
അയ്യപ്പഭക്തർ കടന്നുപോകുന്ന റോഡുകളെ ആറായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തീർത്ഥാടകർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ദിവസേന 24 ജീവനക്കാർ ആറ് വാഹനങ്ങളിൽ വിവിധ റോഡുകളിൽ റോന്തുചുറ്റും. മുഴുവൻ സമയ സഹായങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ തീർത്ഥാടകർക്ക് നേരിട്ട് കൈമാറും. റോഡിൽ തകരാറിലാകുന്ന വാഹനങ്ങൾക്കായി മൊബൈൽ വർക്ക് ഷോപ്പും ക്രെയിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം സജ്ജമാണ്.
കുത്തനെയുള്ള ഇറക്കവും കൊടും വളവുകളും നിറഞ്ഞ കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള 21 കിലോമീറ്റർ ഭാഗത്താണ് അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന ഡ്രൈവർമാർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയതിനു ശേഷമാകും കടത്തിവിടുക.