അയ്യപ്പന്മാര്‍ക്കൊപ്പം ദിവസവും മലകയറുന്നത് മൂന്നൂറിലേറെ ടണ്‍ സാധനസാമഗ്രികള്‍. അയ്യപ്പന് നിവേദിക്കേണ്ട നെയ്യ് മുതല്‍ ഭക്തര്‍ക്ക് പ്രസാദമാകുന്ന അരവണയുടെ ചേരുവകള്‍ വരെ മലയകയറുന്നത് ഒറ്റ മാര്‍ഗത്തിലൂടെയാണ്. പാടത്ത് കര്‍ഷകരുടെ കൂട്ടുകാരന്‍ മലയില്‍ അയ്യപ്പന്‍മാരുടെ ചുമട്ടുകാരനാകുന്നു. മണ്ണൊരുക്കുന്നവന്‍ മലകയറിയിറങ്ങുന്നു.
ശ്രീകോവിലിനുള്ളിലെ അയ്യപ്പന് വേണ്ട നെയ്യ്, കളഭം, ഭസ്മം, പുഷ്പം, അയ്യപ്പനെ കാണാന്‍വരുന്ന അയ്യപ്പന്‍മാര്‍ക്ക് വേണ്ട പ്രസാദനിര്‍മാണ സാധനങ്ങള്‍ , ഭക്ഷ്യ വസ്തുക്കള്‍, ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്ന ചികില്‍സാ ഉപകരണങ്ങള്‍, പൊലീസുകാര്‍ക്കുവേണ്ട സുരക്ഷാ സാമഗ്രികള്‍ അങ്ങനെ എന്തും മലമുകളിലെത്തിക്കുന്ന ഒരേയൊരുമാര്‍ഗം.
ദിനം പ്രതി ശരാശരി മൂന്നൂറുടണ്ണിലേറെ വസ്തുക്കള്‍ ഇപ്രകാരം മലകയറുന്നു. ഒരുലോഡ് ശര്‍ക്കര മൂന്നുടണ്‍ വരും. അങ്ങനെ പതിനഞ്ചുവാഹനങ്ങള്‍ യാത്ര ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദ്യവര്‍ഷം അയ്യായിരം രൂപയും തുടര്‍വര്‍ഷങ്ങളില്‍ രണ്ടായിരം രൂപയും നല്‍കി റജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ച് ട്രാക്ടറുകളാണ് ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരോ സവാരിക്കും നൂറുരൂപ വേറെയും നല്‍കണം. നിശ്ചിത സമയക്രമം പാലിച്ചുവേണം കാനനപാതയിലൂടെ കയറിയിറങ്ങാന്‍.
സ്വാമിഅയ്യപ്പന്‍ റോഡിലൂടെ നാലരക്കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മൂന്നുലീറ്റര്‍ ഡീസല്‍ വേണം. ഇതില്‍ ആളെക്കയറ്റാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. എങ്കിലും മലകയറ്റം പകുതിയാകുമ്പോള്‍ ഈ വണ്ടിക്ക് കൈകാണിക്കുന്ന അപൂര്‍വത്തിലപൂര്‍വം പേരുണ്ട്. എത്രവലിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും മല ചവിട്ടിത്തന്നെ കയറണമെന്ന നിശ്ചയദാര്‍ഢ്യമുള്ളവരാണ് അയ്യപ്പന്‍മാരിലരേറെയും. അവര്‍ക്ക് ഈ പാതതന്നെയാണ് ശരണം.