ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നാളെ. സംക്രമാഭിഷേകം നാളെ ഉച്ചകഴിഞ്ഞ് 3.08നാണ്.സന്ധ്യയ്ക്ക് ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. ദീപാരാധനയ്ക്ക് പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശനം.
സന്നിധാനത്ത് മണി മുഴങ്ങുന്നു. പൊന്നമ്പലമേട് സംക്രമ സന്ധ്യയുടെ കാത്തിരിപ്പിലാണ്. കരിമല,നീലിമല,നാഗമല,സുന്ദരമല,തലപ്പാറമല തുടങ്ങിയ പതിനെട്ട് മലകളും നോക്കി നിൽക്കുന്നു. മലമുകളിലെ നക്ഷത്രം ഉദിക്കാൻ, ദീപം കാണാൻ.
ദക്ഷിണായനത്തിന്‍റെ അവസാന ദിനത്തിലെ സ്വർണ്ണ വെയിൽ കുളിച്ച് പതിനെട്ട് പടികൾ കയറുന്നവർക്കും കാത്തിരിപ്പിൻ്റെ ഒരു ജപ സന്ധ്യ കൂടി.അതിനുമുമ്പ് കാനനവാസനെ കണ്ടു വണങ്ങണം.ഒന്നായി മാറണം.പ്രളയത്തിനും മഹാമാരിക്കും അവരെ വേർപെടുത്താനായില്ല.എങ്കിലും വെല്ലുവിളികൾ അവസാനിക്കുന്നില്ല.
പടികയറി വരി നിന്ന് ക്ഷമയോടെ അവർ വന്നുകൊണ്ടിരിക്കുന്നു.അചഞ്ചല ഭക്തിയുടെ പ്രസരിപ്പോടെ. നാളെ വൈകുന്നേരം 3:08-ന് സംക്രമാഭിഷേകം.വൈകുന്നേരം5-ന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര 6:20-ഓടെ പടികയറിയെത്തും.സന്ധ്യാ ദീപാരാധനയ്ക്ക് പിന്നാലെ പൊന്നമ്പലമേട് പ്രകാശ പൂരിതമാകും.