വീട്ടുവളപ്പിലെ പ്ലാവിൽ തമ്പടിച്ച കടന്നലുകൾ കാരണം ദിവസങ്ങളായി ഭക്ഷണം പാകം ചെയ്യാനോ, ലൈറ്റിടാനോ പോലും കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.
പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്തിലെ നാലാം വാർഡിൽ കോട്ടക്കൽ സുരേഷിന്റെ വീടിനോട് ചേർന്ന മരത്തിലാണ് കടന്നൽ കൂട്ടം എത്തിയത്. ഇന്നലെ രാവിലെ മുറ്റത്ത് നിൽക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടതെന്ന് വീട്ടുടമയായ സുരേഷ് പറയുന്നു. മുകളിലേക്ക് നോക്കിയപ്പോൾ വലിയ ശബ്ദത്തോടെ ഈച്ചകൾ പറന്നുവരുന്നു. പെട്ടെന്ന് വീടിനുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങി നോക്കിയപ്പോൾ പ്ലാവിൽ മുഴുവൻ കടന്നൽ പൊതിഞ്ഞിരിക്കുന്നത് കണ്ടു. കടന്നൽ ഭീഷണിയായതോടെ സമീപത്തെ രണ്ട് വീടുകളിൽപ്പോലും തീ കത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഭക്ഷണം പാകം ചെയ്യാനായി അടുപ്പിൽ തീയിട്ട് പുക ഉയർന്നപ്പോൾ കടന്നലുകൾ കൂട്ടത്തോടെ വീടിന്റെ ഭിത്തിയിലേക്കും മുറിക്കുള്ളിലേക്കും വരെ കയറാൻ തുടങ്ങി. ഇതോടെ അടുപ്പ് അണയ്ക്കുകയായിരുന്നു.
നിലവിൽ, കുറച്ചകലെ താമസിക്കുന്ന മറ്റൊരു വീട്ടിൽ വെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കടന്നലുകൾ സ്വയം വിട്ടുപോകുമോ എന്ന് രണ്ട് ദിവസം നോക്കാമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. സമീപത്ത് കൊച്ചുകുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന പ്രദേശമാണ്. ദിവസം കഴിയുംതോറും ഇത് കൂട് ഉണ്ടാക്കിയാൽ വലിയ ബുദ്ധിമുട്ടുണ്ടാകും. കിളികൾ ഉൾപ്പെടെ കടന്നലിനെ ഇളക്കുകയോ മറ്റോ ചെയ്താൽ കടന്നലുകൾ കൂട്ടത്തോടെ ഇളകി വലിയ അപകടം ഉണ്ടാക്കുമെന്നും മരണം വരെ ഉണ്ടാകുമെന്നും ആശങ്കയിലാണ് കുടുംബങ്ങൾ.