ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ഫ്ലാറ്റിൽ എസ്.ഐ.ടി നാല് മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി. എ.എസ്.പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി.

ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനായിരുന്നു പ്രധാന ശ്രമം. എന്നാൽ സിസിടിവി ഡി.വി.ആറിന് ബാക്കപ്പ് കുറവായിരുന്നതിനാൽ യുവതി ഫ്ലാറ്റിലെത്തിയ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭ്യമായില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് എ.എസ്.പി രാജേഷ് കുമാർ അറിയിച്ചു. രാഹുലിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരിൽ നിന്നും സംഘം മൊഴിയെടുത്തു. നാളെ അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഫ്ലാറ്റിൽ എത്തുമെന്നും സൂചനയുണ്ട്.

അതിനിടെ രാഹുലിന് കുരുക്കു മുറുക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ബലാല്‍സംഗം നടന്ന തിരുവനന്തപുരത്തേയും പാലക്കാട്ടേയും ഫ്ളാറ്റുകളിലെത്തി മഹസര്‍ തയാറാക്കി. പുറത്തു വന്ന ശബ്ദ സാംപിളിന്‍റെ ആധികാരികത ഇന്ന് പരിശോധിക്കും. യുവതിക്കെതിരായ കടുത്ത സൈബര്‍ ആക്രമണത്തില്‍ കേസെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ  ലൈംഗിക പീഢന പരാതിയില്‍  തെളിവു ശേഖരണം കൂടുതല്‍ വേഗത്തിലാക്കുകയാണ് പൊലീസ്. 

യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായെന്ന് പരാതിയില്‍ പറയുന്ന തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തി തെളിവ് ശേഖരിച്ചു. യുവതിയുടെ സാന്നിധ്യത്തിലാണ് അന്വേഷണ സംഘമെത്തിയത്. ഫ്ലാറ്റില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും പ്രാഥമിക പരിശോധന നടത്തി. പലപ്പോഴായി പുറത്തു വന്ന യുവതിയുടേയും രാഹുലിന്‍റേതും എന്നു കരുതുന്ന  ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കാന്‍ ശബ്ദസാംപിള്‍ ഇന്ന് പരിശോധിക്കും. തിരുവനന്തപുരത്തെ സ്റ്റുഡിയോയിലാണ് പരിശോധന. രാഹുല്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും ശബ്ധരേഖയിലുണ്ട്. 

മുഖ്യമന്ത്രിക്ക് അതിജീവിത പരാതി നല്കിയതിന്‍റെ നാലാം നാളിലും രാഹുല്‍ ഒളിവിലാണ്. തിടുക്കപ്പെട്ട് അറസ്ററ് ചെയ്യാനുളള നീക്കം തല്‍ക്കാലമില്ല. എന്നാല്‍ രാഹുല്‍ എവിടെയുണ്ടെന്ന് കണ്ടെത്താനും നിരീക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കാനും പൊലീസിന് നിര്‍ദേശമുണ്ട്. യുവതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് രാഹുല്‍ അനുകൂലികള്‍  നടത്തുന്നത്. സംഘടിത ആക്രമണത്തിന് നേതൃത്വം നല്കുന്നവര്‍ക്കെതിരെ  കേസെടുക്കാനാണ് പൊലീസ് നീക്കം.

ENGLISH SUMMARY:

Rahul Mamkootathil case involves allegations of rape and ongoing police investigation. The police are actively gathering evidence and investigating related cyber attacks against the survivor.